പുതുവഴികളിൽ കണ്ണും നട്ട് ...
1491429
Wednesday, January 1, 2025 3:20 AM IST
കൊച്ചിയിലെയും ജില്ലയുടെ വിവിധ ഭാഗങ്ങളിലെയും ഗതാഗത മേഖലയിൽ 2025ൽ പുതിയ മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്ട്. കൊച്ചിയിലെ ഗതാഗതക്കുരുക്കിനു പരിഹാരമായി സീപോർട്ട്-എയർപോർട്ട് റോഡിന്റെ രണ്ടാം ഘട്ടം ഈ വർഷം നിർമാണമാരംഭിക്കുമെന്നു പ്രതീക്ഷയുണ്ട്. കളമശേരി എൻഎഡി മുതൽ ആലുവ മഹിളാലയം പാലം വരെയുള്ള ഭൂമി ഏറ്റെടുക്കലിന്റെ പ്രാരംഭ നടപടികൾ തുടങ്ങിയിട്ടുണ്ട്. 569.34 കോടി രൂപ ഇതിനായി അനുവദിച്ചു. മഹിളാലയം പാലം മുതൽ വിമാനത്താവളം വരെയുള്ള മൂന്നാം ഘട്ടത്തെക്കുറിച്ചുള്ള അനിശ്ചിതത്വം മാറിയിട്ടില്ല.
വാട്ടർ മെട്രോ കൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളിൽ ഈ വർഷം ശുഭവാർത്തകൾ പ്രതീക്ഷിക്കുന്നുണ്ട്. കൊച്ചി മെട്രോ റെയിലിന്റെ കാക്കനാട്ടേയ്ക്കുള്ള പാതയുടെ നിർമാണം വേഗത്തിലായാൽ ഈ മേഖലയിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകും. മെട്രോ അങ്കമാലിയിലേക്കും വിമാനത്താവളത്തിലേക്കും നീട്ടുന്ന കാര്യത്തിലും ഈ വർഷം അനുകൂലമായ നടപടികൾ കാത്തിരിക്കുന്നു.
അങ്കമാലി - കുണ്ടന്നൂർ ബൈപാസിന്റെ (ഗ്രീൻഫീൽഡ്) സ്ഥലമേറ്റെടുക്കലിനു സർവേ നടക്കുന്നുണ്ട്. ഈ വർഷം നിർമാണം തുടങ്ങിയാൽ നേട്ടമാകും. അരൂർ-തുറവൂർ ആകാശപ്പാത യാഥാർഥ്യമായാൽ ദേശീയപാതയിലെ കുരുക്കിന് ആശ്വാസമാകും. വൈപ്പിൻ-ഫോർട്ട് കൊച്ചി ജലപാതയിൽ പുതിയ റോറോ ഈ വർഷം സർവീസ് തുടങ്ങിയേക്കും.
ബ്രഹ്മപുരത്തെ മാലിന്യസംസ്കരണത്തിന് അത്യാധുനിക സിഎൻജി പ്ലാന്റ് ഈ വർഷം പൂർത്തിയാകുന്നതോടെ കൊച്ചി ദീർഘനാളായി അഭിമുഖീകരിക്കുന്ന മാലിന്യപ്രശ്നമെന്ന കീറാമുട്ടിയ്ക്കു പരിഹാരമാകുമെന്നു പ്രതീക്ഷ.
അത്യാധുനിക നിലവാരത്തിൽ നവീകരണം നടക്കുന്ന എറണാകുളത്തെ ടൗൺ, ജംഗ്ഷൻ റെയിൽവേ സ്റ്റേഷനുകൾ തുറന്നു നൽകുന്നതും 2025 പ്രതീക്ഷയോടെയാണു നോക്കിക്കാണുന്നത്. തുറമുഖ, ടൂറിസം, ഐടി, വ്യവസായ വികസനത്തിലും 2025 ൽ കൊച്ചി മുന്നേറ്റം പ്രതീക്ഷിക്കുന്നു.
ചരിത്രമെഴുതി മുനന്പം സമരം
എറണാകുളം ജില്ലയിലെ തീരപ്രദേശമായ മുനന്പത്ത് തിരികൊളുത്തിയൊരു സമരം ദേശീയതലത്തിൽ വരെ വലിയ ചർച്ചകളിലേക്കെത്തിയ വർഷം കൂടിയാണു 2024.
വഖഫ് അവകാശവാദത്തെത്തുടർന്നു പ്രതിസന്ധിയിലായ മുനന്പം നിവാസികൾ, തങ്ങളുടെ ഭൂമിയുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കുന്നതിന് ആരംഭിച്ച സമരം കേരളത്തിന്റെ സമരചരിത്രത്തിൽ പുതിയ നാഴികക്കല്ലായി.
നൂറു ദിവസത്തിലേക്കടുക്കുന്ന റിലേ നിരാഹാര സമരം, രാഷ്ട്രീയ, സാമൂഹ്യ കേരളത്തിലും ദേശീയതലത്തിലും വലിയ ചർച്ചകൾക്കു നിമിത്തമായി. സംസ്ഥാന സർക്കാർ നിയോഗിച്ച ജുഡീഷൽ കമ്മീഷൻ വിഷയത്തിൽ അന്വേഷണം നടത്തുന്നു. വിവിധ കോടതികളിലും വഖഫ് ട്രൈബ്യൂണലിലും ഇതു സംബന്ധിച്ച കേസുകൾ നിലവിലുണ്ട്.
കുതിപ്പിന് വേഗം
പകർന്ന 2024
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഓൺലൈനായി ലഭിക്കാൻ വേണ്ടിയുള്ള കെ സ്മാർട്ട് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നത് 2024 ലെ ആദ്യനാളിൽ കൊച്ചിയിലാണ്. കൊട്ടിഘോഷിക്കപ്പെട്ട് ആരംഭിച്ച പദ്ധതി പക്ഷേ പ്രതീക്ഷിച്ചത്ര സ്മാർട്ടല്ലെന്നു പരാതിയുണ്ട്.
4000 കോടി മുതൽമുടക്കുള്ള കൊച്ചിൻ കപ്പൽശാലയിലെ പുതിയ ഡ്രൈ ഡോക്ക്, ഇന്റർനാഷണൽ ഷിപ് റിപ്പയർ ഫെസിലിറ്റി, കൊച്ചിയിലെ പുതുവൈപ്പിലുള്ള ഇന്ത്യൻ ഓയിൽ കോര്പറേഷന് ലിമിറ്റഡിന്റെ എൽപിജി ടെർമിനൽ എന്നീ പദ്ധതികൾ 2024 ലാണ് ഉദ്ഘാടനം ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തിയായിരുന്നു ഉദ്ഘാടനം.
കൊച്ചി നഗരത്തിൽ അത്യാധുനിക മാർക്കറ്റ് തുറക്കാനായത് സിഎസ്എംഎലിന്റെയും കോർപറേഷന്റെയും നേട്ടമായി. കൊച്ചി മെട്രോയുടെ കാക്കനാട്ടേയ്ക്കുള്ള പാത നിർമാണം തുടങ്ങിയതും വികസന വഴികളിൽ പുതിയ കൊച്ചിയുടെ പുതിയ ചുവടുകളിൽ ഇടം നേടി.
ഒളിന്പിക്സ് മാതൃകയിൽ നടത്തിയ ആദ്യത്തെ സംസ്ഥാന സ്കൂൾ കായികമേളയ്ക്കു എറണാകുളം ജില്ല വേദിയായതും ചരിത്രം.