ഗോതുരുത്ത് ഫെസ്റ്റ്-2025: ഒരുക്കങ്ങൾ പൂർത്തിയായി: ആഘോഷരാവുകൾക്കായി കാത്തിരിപ്പ്
1490939
Monday, December 30, 2024 4:45 AM IST
പറവൂർ: ഗോതുരുത്ത് മുസരീസ് ഹെറിറ്റേജ് ഡെവലപ്മെന്റ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ മുസരീസ് പൈതൃക പദ്ധതി പ്രദേശത്ത് നടക്കുന്ന ഏറ്റവും വലിയ സാംസ്കാരിക ആഘോഷമായ ഗോതുരുത്ത് ഫെസ്റ്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 31 ജനുവരി ഒന്ന് തീയതികളിൽ ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും.
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പതിനാറാമത് ഗോതുരുത്ത് ഫെസ്റ്റിന് 31ന് വൈകിട്ട് 4.30ന് രക്ഷാധികാരി റവ. ഡോ. ആന്റണി ബിനോയ് അറക്കൽ പതാക ഉയർത്തും. തുടർന്ന് പൈതൃകങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി പള്ളിക്കടവിലുള്ള സെന്റ് ജോസഫ് കപ്പേളയെ ആദരിക്കും. കോട്ടപ്പുറം കിഡ്സ് ഡയറക്ടർ ഫാ. തോമസ് കളത്തിൽ ദീപം തെളിക്കും.
വൈകിട്ട് 5. 30ന് നടക്കുന്ന ഫെസ്റ്റ് ഉദ്ഘാടന സമ്മേളനത്തിൽ സൊസൈറ്റി പ്രസിഡന്റ് കെ.ഒ. ഫ്രാൻസിസ് അധ്യക്ഷതവഹിക്കും. പറവൂർ ബ്ലോക്ക് പ്രസിഡന്റ് കമല സദാനന്ദൻ ഉദ്ഘാടനം നിർവഹിക്കും.
ജില്ലാ പഞ്ചായത്തംഗം എ.എസ്. അനിൽകുമാർ മുഖ്യാതിഥിയാകും. തുടർന്ന് കലാസന്ധ്യയിൽ ചരട് പിന്നി തിരുവാതിര, കൈകൊട്ടിക്കളി, ചെണ്ട- മ്യൂസിക് ഫ്യൂഷൻ, സെമി ക്ലാസിക്കൽ ഡാൻസ്, ഗ്രൂപ്പ് ഡാൻസ്, സ്കിറ്റ്, മാർഗം കളി എന്നിവ നടക്കും.
രണ്ടാം ദിനമായ ജനുവരി ഒന്നിന് രാവിലെ പത്തിന് ലൈവ് സ്റ്റേ ഷോ ഭക്ഷ്യമേള, എക്സിബിഷൻ, കാർഷികമേള എന്നിവ ആരംഭിക്കും. വൈകിട്ട് 3.30ന് ഗോതുരുത്ത് കാർണിവൽ ആരംഭിക്കും. തുടർന്ന് ഫോക്ക്ലോർ അക്കാദമി കണ്ണൂർ അവതരിപ്പിക്കുന്ന ഫോക്ക്ലോർ കലാവിരുന്ന്, ചവിട്ടുനാടകം, കൈകൊട്ടിക്കളി, വനിതാ ചെണ്ടമേളം തുടങ്ങിയവ അരങ്ങേറും.
വൈകിട്ട് ആറിന് നടക്കുന്ന സാംസ്കാരിക സമ്മേളനം പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വൻ അധ്യക്ഷത വഹിക്കും.
ഹൈബി ഈഡൻ എംപി മുഖ്യാതിഥി ആയിരിക്കും. കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബിൻ കളത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തും. രക്ഷാധികാരി റവ. ഡോക്ടർ ആന്റണി ബിനോയ് അറക്കൽ സന്ദേശം നൽകും.
തുടർന്ന് വിസ്മയ രാവ് 2025 മെഗാ ഷോ അരങ്ങേറും. സംഘാടകരായ ഗോതുരുത്ത് മുസിരിസ് ഹെറിറ്റേജ് ഡെവലപ്മെന്റ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പതിനാറാമത് ഫെസ്റ്റ് ആണ് ഈ വർഷം നടക്കുന്നത്.