അങ്കമാലി അർബൻ സഹ. സംഘം ക്രമക്കേട്: ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കും 121 കോടി പിഴയിട്ട് സഹകരണ വകുപ്പ്
1491433
Wednesday, January 1, 2025 3:20 AM IST
അങ്കമാലി: അങ്കമാലി അർബൻ സഹകരണ സംഘം ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കുമായി 121 കോടിയോളം രൂപ സഹകരണ വകുപ്പ് പിഴ ചുമത്തി. സഹകരണ വകുപ്പിന്റെ ചട്ടങ്ങൾക്കും നിയമാവലിക്കും വിരുദ്ധമായി സംഘത്തിന്റെ പണം ദുർവിനിയോഗം ചെയ്തതിനും വേണ്ടത്ര ഈടും രേഖകളുമില്ലാതെ വായ്പ കൊടുത്തതിലും വാല്യൂവേഷൻ കൂടുതൽ കാണിച്ചതിലും കണ്ടെത്തിയ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് ഓരോ ഡയറക്ടർ ബോർഡ് മെമ്പർമാർക്കും ജീവനക്കാർക്കും സഹകരണ വകുപ്പ് പിഴ ചുമത്തിയത്. സഹകരണ വകുപ്പ് നടത്തിയ 65 വകുപ്പ് പ്രകാരവും പിന്നീട് 68 പ്രകാരവും നടത്തിയ അന്വേഷണത്തെത്തുടർന്നാണ് നടപടി.
മരണമടഞ്ഞ സംഘം പ്രസിഡന്റ് പി.ടി. പോളിന് 7,42,21,222 രൂപയും ഭരണസമിതി അംഗങ്ങളായ പി.വി. പൗലോസിന് 7,31,54,769 രൂപയും കെ.ജി. രാജപ്പൻ നായർക്ക് 7,3537,035 രൂപയും ടി.പി. ജോർജിന് 7,75,81, 663 രൂപയും പി.സി. ടോമിക്ക് 7,35,37,035 രൂപയും വി.ഡി. ടോമി വടക്കുഞ്ചേരിക്ക് 7,35,37,935 രൂപയും ടി.വി. ബെന്നിയ്ക്ക് 69,44,652 രൂപയും എസ്. വൈശാഖിന് 5,10,38, 299 രൂപയും സെബാസ്റ്റ്യൻ മാടന് 5,12,48,637 രൂപയും മാർട്ടിൻ ജോസഫിന് 5,16,38,299 രൂപയും എൽസി വർഗീസിന് 2,59,54,729 രൂപയും ലക്സി ജോയിക്ക് 7, 31, 54,769 രൂപയും മേരി ആന്റണിക്ക് 6,98,29,354 രൂപയും കെ.എ. പൗലോസിന് 2,15,48,336 രൂപയും കെ.ജെ. പോളിന് 1,05,35,795 രൂപയും മരണമടഞ്ഞ ഭരണസമിതി അംഗങ്ങളായ കെ. ഐ. ജോർജ് കൂട്ടുങ്ങലിന് 2,07,81,057 രൂപയും എം.ആർ. സുദർശന് 31,67, 691 രൂപയുമാണ് പിഴ ചുമത്തിയിരിക്കുന്നത്. ജീവനക്കാരായ സെക്രട്ടറി ബിജു കെ. ജോസിന് 10,23,01,296 രൂപയും മരണമടഞ്ഞ സെക്രട്ടറി ജയ്ബിക്ക് 1,06,29,874 രൂപയും കെ.ഐ. ഷിജുവിന് 6,89,24,055 രൂപയും അനിലയ്ക്ക് 6,87,46,569 രൂപയും വി.പി. ജിപ്സിയ്ക്ക് 6,74,52,898 രൂപയും കെ.ബി.ഷീലയ്ക്ക് 6,89,24,055 രൂപയുമാണ് പിഴ ചുമത്തിയിരിക്കുന്നത്.
ഇതുവരെ അഞ്ച് ഡയറക്ടർ ബോർഡംഗങ്ങളെയും രണ്ട് ജീവനക്കാരെയും അറസ്റ്റ് ചെയ്ത് ജയിലാക്കിയിട്ടുണ്ട്. രണ്ട് ജീവനക്കാർ സസ്പെൻഷനിലാണ്. 96 കോടി രൂപയുടെ വായ്പാ തട്ടിപ്പാണ് സംഘത്തിൽ നടന്നത്. 126 കോടിയാണ് വായ്പ കൊടുത്തിരിക്കുന്നത്.