കുടിവെള്ള പദ്ധതികളുടെ പന്പിംഗ് പുനരാരംഭിക്കാനായില്ല
1491251
Tuesday, December 31, 2024 4:53 AM IST
കോതമംഗലം: ഞായറാഴ്ച തുറന്ന ഭൂതത്താന്‍കെട്ട് ഡാമിന്റെ ഷട്ടറുകള്‍ അടച്ചെങ്കിലും തീരത്തെ കുടിവെള്ള പദ്ധതികളുടെ പമ്പിംഗ് പുനരാരംഭിക്കാനായില്ല. കല്ലാര്‍കുട്ടി ഡാമിൽ നിന്ന് ഒഴുകിയെത്തിയ ചെളിവെള്ളം നീക്കം ചെയ്യാനായി ഞായറാഴ്ച കൂടുതലായി തുറന്ന ഭൂതത്താൻകെട്ട് ഡാമിന്റെ ഷട്ടറുകൾ ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് അടച്ചത്. ഡാമിന്റെ 11 ഷട്ടര്‍ തുറന്നതോടെ പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതോടെ നിരവധി കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനം നിലച്ചു. രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടത് പ്രതിഷേധത്തിന് ഇടയാക്കി. ഡാമില്‍നിന്ന് തുറന്ന് വിടുന്ന ജലത്തിന്റെ അളവ് കുറഞ്ഞതോടെ ഡാമിന് താഴെയുള്ള പിണ്ടിമന പഞ്ചായത്തിലെ ഉള്‍പ്പെടെ നിരവധി കുടിവെള്ള പദ്ധതികള്‍ക്ക് ആവശ്യത്തിന് വെള്ളം കിട്ടുന്നില്ലെന്ന് മുറവിളിയും ഉയര്‍ന്നു.
ഞായറാഴ്ച പെരിയാറിലെ വെള്ളത്തിന് നിറവ്യത്യാസം കണ്ടത്. കലങ്ങി മറിഞ്ഞ് ഒഴുകിയ നദീ ജലത്തില്‍ ചെളിയുടെ അംശം കൂടിയതോടെ ജല അഥോറിറ്റിയുടെ കുടിവെള്ള പദ്ധതികള്‍ക്ക് പമ്പിംഗ് നടത്തുന്നതും ബുദ്ധിമുട്ടായി. കല്ലാര്‍കുട്ടി ഡാമില്‍നിന്നുള്ള കട്ട ചെളികലര്‍ന്ന വെള്ളം ലോവര്‍ പെരിയാര്‍ ജല വൈദ്യുത പദ്ധതിയുടെ കരിമണല്‍ പവര്‍ ഹൗസിലൂടെ വൈദ്യുതി ഉല്പാദനം കഴിഞ്ഞ് പെരിയാറിലേക്കാണ് തുറക്കുന്നത്.
പമ്പിംഗ് നിലച്ചതോടെ കവളങ്ങാട്, കുട്ടമ്പുഴ, കീരംപാറ, പിണ്ടിമന തുടങ്ങിയ പഞ്ചായത്തുകളില്‍ കുടിവെള്ള വിതരണം തടസപ്പെട്ടു. ഭൂതത്താന്‍കെട്ട് ഡാമിന്റെ ഷട്ടര്‍ ഉച്ചയ്ക്ക് അടച്ചെങ്കിലും പെരിയാറിലെ ജലനിരപ്പ് കാര്യമായി ഉയർന്നില്ല. പെരിയാര്‍വാലി അധികാരികളുടെ ആവശ്യപ്രകാരം കെഎസ്ഇബി ഇടമലയാര്‍ വൈദ്യുതി പദ്ധതിയില്‍ ഉല്പാദനം കൂട്ടി പെരിയാറിലേക്ക് കൂടുതല്‍ വെള്ളം തുറന്നു വിട്ടതോടെയാണ് നദീജലം തെളിഞ്ഞത്.