ഗോതുരുത്ത് ഫെസ്റ്റ് 2025ന് തുടക്കമായി
1491443
Wednesday, January 1, 2025 3:20 AM IST
പറവൂർ: മുസരീസ് പൈതൃക പദ്ധതി പ്രദേശത്ത് നടക്കുന്ന ഏറ്റവും വലിയ സാംസ്കാരിക ആഘോഷമായ ഗോതുരുത്ത് ഫെസ്റ്റിനു തുടക്കമായി. ഫെസ്റ്റിന്ഇന്നലെ വൈകിട്ട് 4.30ന് രക്ഷാധികാരി റവ. ഡോ. ആന്റണി ബിനോയ് അറക്കൽ പതാക ഉയർത്തി.
തുടർന്ന് പൈതൃകങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി പള്ളിക്കടവിലുള്ള സെന്റ് ജോസഫ്സ് കപ്പേളയെ ഗ്രാമവാസികൾ എല്ലാവരും ചേർന്ന് ദീപം തെളിയിച്ച് ആദരിച്ചു. കോട്ടപ്പുറം കിഡ്സ് ഡയറക്ടർ ഫാ. തോമസ് കളത്തിൽ ആദ്യ ദീപം തെളിയിച്ചു. ചടങ്ങിൽ റവ. ഡോ. ആന്റണി ബിനോയ് അറക്കൽ, ബെനിഷ് ജോർജ് കോണത്ത് പങ്കെടുത്തു. തുടർന്ന് നടന്ന ഫെസ്റ്റ് ഉദ്ഘാടന സമ്മേളനം പറവൂർ ബ്ലോക്ക് പ്രസിഡന്റ് കമല സദാനന്ദൻ ഉദ്ഘാടനം നിർവഹിച്ചു. സൊസൈറ്റി പ്രസിഡണ്ട് ശ്രീ. കെ.ഒ. ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ മുഖ്യാതിഥിയായി.
സമ്മേളനത്തിൽ പ്രതിഭകളെ ആദരിക്കൽ, സ്കോളർഷിപ്പ് വിതരണം എന്നിവ നടന്നു. തുടർന്ന് കലാസന്ധ്യയിൽ ചരട് പിന്നി തിരുവാതിര, കൈകൊട്ടിക്കളി, ചെണ്ട- മ്യൂസിക് ഫ്യൂഷൻ, സെമി ക്ലാസിക്കൽ ഡാൻസ്, ഗ്രൂപ്പ് ഡാൻസ്, സ്കിറ്റ്, മാർഗംകളി എന്നിവ അരങ്ങേറി. സമാപന ദിനമായ ഇന്നു രാവിലെ പത്തിന് ലൈവ് സ്റ്റേ ഷോ ഭക്ഷ്യമേള, എക്സിബിഷൻ, കാർഷികമേള എന്നിവ നടക്കും.
വൈകിട്ട് 3 30ന് വർണശബളമായ ഗോതുരുത്ത് കാർണിവൽ ആരംഭിക്കും. തുടർന്ന് ഫോക്ലോർ അക്കാദമി കണ്ണൂർ അവതരിപ്പിക്കുന്ന ഫോക്ലോർ കലാവിരുന്ന്, ചവിട്ടുനാടകം, കൈകൊട്ടിക്കളി, വനിതാ ചെണ്ടമേളം തുടങ്ങിയവ അരങ്ങേറും.
വൈകിട്ട് ആറിന് നടക്കുന്ന സാംസ്കാരിക സമ്മേളനം പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി. സതീശൻ ഉദ്ഘാടനം നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വൻ അധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എംപി മുഖ്യാതിഥി ആയിരിക്കും.
കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബിൻ കളത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തും.
രക്ഷാധികാരി റവ. ഡോ. ആന്റണി ബിനോയ് അറക്കൽ സന്ദേശം നൽകും. തുടർന്ന് വിസ്മയ രാവ് 2025 മെഗാ ഷോ അരങ്ങേറും.
സംഘാടകരായ ഗോതുരുത്ത് മുസിരിസ് ഹെറിറ്റേജ് ഡെവലപ്മെന്റ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പതിനാറാമത് ഫെസ്റ്റ് ആണ് രണ്ട് ദിനങ്ങളിലായി നടക്കുന്നത്.