വേറിട്ട അനുഭവമായി മുച്ചീട്ടുകളിക്കാരന്റെ മകൾ
1490945
Monday, December 30, 2024 4:45 AM IST
മൂവാറ്റുപുഴ : തുറന്ന വേദിയിലെ നാടകം - വേറിട്ട അനുഭവമായി മുച്ചീട്ടുകളിക്കാരന്റെ മകൾ. വിശ്വ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ മുച്ചീട്ട് കളിക്കാരന്റെ മകളുടെ നാടകരൂപം മൂവാറ്റുപുഴയിലെ പ്രേക്ഷകർ നെഞ്ചേറ്റി. ചലച്ചിത്ര അക്കാദമി അംഗം കൂടിയായ എൻ. അരുണ്‍ സംവിധാനം ചെയ്ത നാടകത്തിന്റെ ആദ്യ അവതരണമാണ് നഗരസഭ പാർക്കിൽ നടന്നത്.
ബഷീറിന്റെ കഥയ്ക്ക് നാടക ഭാഷ്യം നൽകിയത് എൽദോസ് യോഹന്നാനും കലാസംവിധാനം നിർവഹിച്ചത് ആർഎൽവി അജയുമാണ്. പരന്പരാഗത ശൈലിയിൽ നിന്നും മാറി വേദിയും അരങ്ങും ഒന്നായിത്തീരുന്ന വിധത്തിലുള്ള അവതരണം പ്രേക്ഷകർക്ക് പുതിയ അനുഭവമായി. അർധവൃത്താകൃതിയിൽ അഞ്ച് വ്യത്യസ്ത പശ്ചാത്തലങ്ങൾ പ്രകാശ-ശബ്ദ വിന്യാസങ്ങളുടെ സഹായത്തോടെ സജ്ജീകരിച്ചത് പ്രേക്ഷകർക്ക് കൗതുകമായി. തുഴഞ്ഞു പോകുന്ന വഞ്ചിയും കടവ് കടന്ന് നാട്ടുചന്തയിലേക്ക് വരുന്ന വിവാഹ ഘോഷയാത്രയും പ്രേക്ഷകരുടെ മനസിൽ ദൃശ്യവിരുന്നായി മാറി. 75 വർഷം മുന്‍പുള്ള കേരളത്തിന്റെ നിഷ്കളങ്ക ഗ്രാമീണതയിലേക്കാണ് ഒന്നേകാൽ മണിക്കൂർ പ്രേക്ഷകരെ നാടകം കൊണ്ടുപോയത്.
നാടക, സിനിമ സംവിധായകനും ചലച്ചിത്ര അക്കാദമി അംഗവുമായ മനോജ് കാന, സംവിധായകനും നടനുമായ സോഹൻ സീനുലാൽ എന്നിവർ ചേർന്ന് നാടകത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. മോഹൻദാസ് സൂര്യനാരായണൻ യോഗത്തിൽ അധ്യക്ഷതവഹിച്ചു.