ജൂബിലി വർഷത്തിന് കോതമംഗലം രൂപതയിൽ പ്രൗഡോജ്വല തുടക്കം
1491250
Tuesday, December 31, 2024 4:53 AM IST
കോതമംഗലം: ആഗോള സഭയിൽ ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്ത ജൂബിലി വർഷത്തിന് കോതമംഗലം രൂപതയില്‍ പ്രൗഢഗംഭീര തുടക്കം. കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ ഞായറാഴ്ച രാവിലെ ഏഴിന് നടന്ന തിരുക്കർമങ്ങളിൽ ജൂബിലി ആഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിച്ച് ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ജൂബിലി തിരി തെളിച്ചു . വികാരി ജനറാള്‍മാരായ മോൺ. പയസ് മലേക്കണ്ടത്തില്‍, മോൺ. വിൻസെന്റ് നെടുങ്ങാട്ട്, കത്തീഡ്രൽ വികാരി റവ. ഡോ. തോമസ് ചെറുപറമ്പിൽ, അസിസ്റ്റന്റ് വികാരിമാർ, ഇടവകയിലെ കൈക്കാരന്മാർ, പാരീഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
ജൂബിലി വർഷം പ്രത്യാശയുടെ സന്ദേശം ലോകത്തിന് നൽകാനുള്ളതാണെന്നും ഏറ്റവും വലിയ പ്രത്യാശയായ ഈശോയിലേക്ക് എല്ലാവരെയും ആനയിക്കാൻ ജൂബിലി വർഷം നാം പരിശ്രമിക്കേണ്ടതുണ്ടെന്നും ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ വ്യക്തമാക്കി. ജൂബിലിയുടെ അവസരം സ്വർഗത്തെ ലക്ഷ്യമാക്കിയുള്ള നമ്മുടെ തീർഥാടനത്തെ കുറിച്ചുള്ള അവബോധം ആഴത്തിൽ പതിപ്പിക്കുന്നതിനുള്ള അവസരമാണെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.