കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ വിജിലൻസ് പിടികൂടി
1490661
Sunday, December 29, 2024 3:56 AM IST
ആലുവ: ഇടനിലക്കാരനിൽ നിന്നും കൈക്കൂലി മേടിക്കുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസിന്റെ പിടിയിലായി. ആലുവ ജോയിന്റ് ആർടി ഓഫീസിലെ എംവിഐ താഹിറുദീൻ ആണ് വിജിലൻസിന്റെ പിടിയിലായത്.
ഇന്നലെ ഉച്ചയോടെ ആലുവ പാലസ് പരിസരത്താണ് തുക കൈപ്പറ്റാൻ ശ്രമം നടത്തിയത്. ഇയാളിൽ നിന്നും ഏഴായിരം രൂപ വിജിലൻസ് പിടിച്ചെടുത്തു. ഇയാൾക്ക് പണം കൈമാറാനെത്തിയ ഓട്ടോ കൺസൾട്ടന്റ് മജീദും പിടിയിലായി.
ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പുകാരിൽ നിന്നും സ്ഥിരമായി കൈക്കൂലിവാങ്ങുന്ന പരാതികളെ തുടർന്നാണ് വിജിലൻസ് നടപടിയെടുത്തത്.
കുറച്ചു നാളുകളായി നിരീക്ഷണത്തിന് വിധേയമാക്കിയ ശേഷമാണ് ഇന്നലെ വലയിലായത്. ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്ന് വകുപ്പ് തല ഉദ്യോഗസ്ഥർ പറഞ്ഞു.