നിരീക്ഷണ കാമറകൾ-53: ചൂർണിക്കരയിൽ മാലിന്യം തള്ളലിന് കുറവില്ല
1490938
Monday, December 30, 2024 4:45 AM IST
ആലുവ: ലക്ഷക്കണക്കിന് രൂപ മുടക്കി പല ഘട്ടങ്ങളിലായി 53 നിരീക്ഷണ കാമറകൾ സ്ഥാപിച്ച് പിഴ ഈടാക്കിയിട്ടും ചൂർണിക്കര ഗ്രാമപഞ്ചായത്തിൽ മാലിന്യം തള്ളുന്നത് കുറയുന്നില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പഞ്ചായത്ത് സ്ഥാപിച്ച സിസിടിവിയിൽ വാഹനങ്ങളിലും നേരിട്ടും മാലിന്യം തള്ളുന്നവരുടെ ദൃശ്യങ്ങൾ തുടർച്ചയായി പതിയുകയാണ്.
ഗോഡൗൺ, ഹോട്ടൽ, കല്യാണ ചടങ്ങ് മാലിന്യങ്ങളാണ് കൂടുതലായി രാത്രി കാലങ്ങളിൽ വലിയ ചാക്കുകളിലാക്കി ഉപേക്ഷിക്കുന്നത്. ടാങ്കർ ലോറിയിൽ ശുചിമുറി മാലിന്യം തള്ളുന്നതും പതിവാണ്.
ഇരുചക്രവാഹനങ്ങൾ, വലതും ചെറുതുമായ ലോറികൾ മുതൽ ആഢംബര വാഹനങ്ങൾ വരെ മാലിന്യം തള്ളാനായി ഉപയോഗിക്കുന്നുണ്ട്.
ചൂർണിക്കര ഗ്രാമപഞ്ചായത്തിലെ പുളിഞ്ചോട് മേഖല മുതൽ മുട്ടം വരെയുളള ദേശീയ പാതയ്ക്ക് അരികിലും സർവീസ് റോഡുകളിലുമാണ് മാലിന്യങ്ങൾ കൂമ്പാരം കൂടുന്നത്. കഴിഞ്ഞ ദിവസമാണ് 30 ലക്ഷം രൂപ മുടക്കി പിന്നെയും കാമറകൾ സ്ഥാപിച്ചത്.
കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥയും ദേശീയ പാതയ്ക്കരികിലെ മാലിന്യക്കൂനയ്ക്കെതിരെ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. ചൂർണിക്കരയിൽ നിലവിൽ 53 കാമറകൾ പ്രവർത്തനക്ഷമമാണ്. നിരവധി പേർക്ക് വലിയ തുക ഈടാക്കിയിട്ടുമുണ്ട്. എന്നിട്ടും മാലിന്യം തള്ളുന്നതിനും കുറവില്ല.