‘അമർ ഇബ്രാഹിം വനംവകുപ്പിന്റെ കെടുകാര്യസ്ഥതയുടെ ഇര'
1491253
Tuesday, December 31, 2024 4:53 AM IST
കോതമംഗലം: വന്യമൃഗ ശല്യം മൂലം പൊറുതിമുട്ടുന്ന സാധാരണ ജനത്തിന്റെ ഗതികേടിന്റെ പ്രതീകമാണ് മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ യുവാവ് മരിക്കാനിടയായ സംഭവമെന്ന് കത്തോലിക്കാ കോൺഗ്രസ് കോതമംഗലം രൂപത സമിതി. മുള്ളരിങ്ങാട് പ്രദേശത്തുള്ളവർ ദിവസങ്ങളായി കാട്ടാന ഭീതിയിലായിരുന്നു. വനം വകുപ്പ് അധികൃതരുടെ കാര്യമായ സഹായം ലഭിക്കാതിരുന്നിട്ടും തകർന്നു കിടക്കുന്ന ഫെൻസിംഗും കടന്ന് കാട്ടാന കൃഷിസ്ഥലത്തേക്കും വീടുകളുടെ സമീപത്തേക്കും വരാതിരിക്കാനുള്ള പ്രതിരോധ ശ്രമത്തിലായിരുന്നു പ്രദേശവാസികൾ. അതിനിടയിലാണ് ദാരുണമായ സംഭവം.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ വനം വകുപ്പ് യഥാസമയം ഇടപെടാൻ തയാറായിരുന്നെങ്കിൽ ഒരു യുവാവിന്റെ ജീവൻ ഹോമിക്കേണ്ടി വരില്ലായിരുന്നു. അമറിന്റെ കുടുംബത്തെ സഹായിക്കാനുള്ള ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ വനംവകുപ്പിന് കഴിയുകയില്ല. വന്യമൃഗങ്ങളുടെ മനുഷ്യവേട്ടയ്ക്ക് നേരെ കണ്ണടയ്ക്കാതെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ വനം വകുപ്പും സർക്കാരും തയാറാകണമെന്നും കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡന്റ് സണ്ണി കടൂത്താഴെ, രൂപതാ ഡയറക്ടർ ഫാ. മാനുവൽ പിച്ചളക്കാട്ട്, ജനറൽ സെക്രട്ടറി മത്തച്ചൻ കളപ്പുരക്കൽ, തമ്പി പിട്ടാപ്പിള്ളിൽ എന്നിവർ ആവശ്യപ്പെട്ടു.