പരിശോധന ഊര്‍ജിതമാക്കി മോട്ടോര്‍ വാഹന വകുപ്പ്
1490663
Sunday, December 29, 2024 3:56 AM IST
കൊച്ചി: മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാക്കുന്ന രീതിയില്‍ വാഹനവുമായി ഇനി റോഡിലേക്ക് ഇറങ്ങിയാല്‍ പിടിവീഴും. ജില്ലയിലെ ഗതാഗത നിയമലംഘനം തടയാന്‍ പോലീസുമായി സഹകരിച്ച് വാഹന പരിശോധന ഊര്‍ജിതമാക്കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളില്‍ വേഗപ്പൂട്ട്, ജിപിഎസ്, അനധികൃതമായി സ്ഥാപിച്ച കളര്‍ ലൈറ്റുകള്‍, എല്‍ഇഡി ലൈറ്റുകള്‍, ഹൈബീം ലൈറ്റുകള്‍, എയര്‍ഹോണ്‍, അമിത സൗണ്ട് ബോക്സുകള്‍, അമിത ലോഡ് എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്.
ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം ജനുവരി 15 വരെ കര്‍ശന പരിശോധന തുടരും. റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും അനുവദനീയമല്ലാത്തതുമായ ലൈറ്റുകള്‍ ഫിറ്റ് ചെയ്തതും, അമിത ശബ്ദം ഉണ്ടാക്കുന്ന എയര്‍ ഹോണുകള്‍ ഘടിപ്പിച്ചതുമായ വാഹനങ്ങള്‍ കണ്ടെത്തിയാല്‍ ഫിറ്റ്നസ് കാന്‍സല്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് എറണാകുളം ആര്‍ടിഒ ടി.എം. ജെര്‍സണ്‍ പറഞ്ഞു.
പിടിച്ചാല്‍
5,000 രൂപ വരെ പിഴ
അനധികൃത ഫിറ്റിംഗായി എയര്‍ഹോണ്‍ ഉപയോഗിച്ചാല്‍ 5,000 രൂപ വരെയാണ് പിഴ. വാഹനങ്ങളില്‍ അനധികൃതമായി ലൈറ്റ് ഘടിപ്പിച്ചാലും 5000 രൂപ പിഴ ചുമത്തും. സ്പീഡ് ഗവര്‍ണര്‍ അഴിച്ചു വച്ചു സര്‍വീസ് നടത്തുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കും. ട്രിപ്പിള്‍ റൈഡിംഗ്, സ്റ്റണ്ടിംഗ് എന്നിവ കാണുകയാണെങ്കില്‍ ലൈസന്‍സ് കാന്‍സല്‍ ചെയ്യുന്ന ഉള്‍പ്പെടെയുള്ള നടപടികളെടുക്കും.
വാഹനങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന വര്‍ണ ലൈറ്റുകള്‍, എല്‍ഇഡി ലൈറ്റുകള്‍ എന്നിവ അഴിച്ചുമാറ്റിയതിനു ശേഷം മാത്രമേ സര്‍വീസ് നടത്താന്‍ അനുവദിക്കുകയുള്ളൂ.
പിഴയിനത്തിൽ ഈടാക്കിയത് 1,41,500
കാക്കനാട്: ഗതാഗത നിയമലംഘനം തടയാൻ മോട്ടോർ വാഹന വകുപ്പ് അധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ 37വാഹനങ്ങൾക്കെതിരെ കേസെടുത്തു. ഹെൽമെറ്റില്ലാതെ യാത്ര ചെയ്തതിന് ഒന്പതുകേസുകളും കണ്ണഞ്ചിപ്പിക്കുന്ന വർണ ലൈറ്റുകളുമായി നിരത്തിലോടിയതിന് ആറു വാഹനങ്ങൾക്കെതിരെ കേസുകളും , ട്രിപ്പ് മുടക്കിയ7സ്വകാര്യബസുകളും,പൊല്യൂഷൻ സർട്ടിഫിറ്റ് ഇല്ലാത്ത ഒന്‍പതു കേസുകളും ഫയൽ ചെയ്തു.
ടാക്സ് അടക്കാതെ സർവീസ് നടത്തിയ രണ്ടുവാഹനങ്ങൾക്കെതിരെയും, രൂപമാറ്റം വരുത്തിയ നാലു വാഹനങ്ങൾക്കെതിരെയും പിഴ ചുമത്തി. അലക്ഷ്യമായി വാഹനം ഓടിച്ച കുറ്റത്തിന് മൂന്നു കേസുകളും ഉൾപ്പടെ 37 കേസുകളിലായി 1,41,500 രൂപയും പിഴ ഈടാക്കി. വൈറ്റില, ചളിക്കവട്ടം തുടങ്ങിയ പ്രദേശങ്ങളിൽ എറണാകുളം ആർടിഒ ടി.എം.ജേഴ്സന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.