3,500 കൈയക്ഷരങ്ങളില്‍ സുവിശേഷം
1490949
Monday, December 30, 2024 4:45 AM IST
കൊച്ചി: വരാപ്പുഴ അതിരൂപത മതബോധന കമ്മീഷന്റെ നേതൃത്വത്തില്‍ മൂവായിരത്തിലധികം കുട്ടികളും അഞ്ഞൂറിലധികം അധ്യാപകരും തങ്ങളുടെ കൈപ്പടയില്‍ വചനം പകര്‍ത്തിയെഴുതി. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിന്റെ കൈയെഴുത്തു പ്രതികള്‍ എറണാകുളം സെന്റ് ആല്‍ബര്‍ട്സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന സുവിശേഷദീപം പരിപാടിയില്‍ അവര്‍ സമര്‍പ്പിച്ചു.
അതിരൂപത സഹായമെത്രാന്‍ ഡോ.ആന്റണി വാലുങ്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. 24 അധ്യായങ്ങളുള്ള സുവിശേഷം പേപ്പറുകളില്‍ എഴുതി പുസ്തക രൂപത്തില്‍ ആക്കി ബൈന്‍ഡ് ചെയ്ത് പൂര്‍ത്തിയാക്കിയാണ് കുട്ടികളും അധ്യാപകരും ചരിത്രസംഗമത്തില്‍ പങ്കെടുത്തത്. അതിരൂപത ബൈബിള്‍ കമ്മീഷന് ഡയറക്ടര്‍ ഫാ. ആന്റണി സിജന് മണുവേലിപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. മതബോധന കമ്മീഷന് ഡയറക്ടര്‍ ഫാ.വിന്‍സെന്റ് നടുവിലപറമ്പില്‍ അധ്യക്ഷത വഹിച്ചു.
കെആര്‍എല്‍സിബിസി മതബോധന കമ്മീഷന് സെക്രട്ടറി ഫാ.മാത്യു പുതിയാത്ത്, അതിരൂപത മിനിസ്ട്രി ജനറല്‍ കോ-ഓർഡിനേറ്റര്‍ ഫാ. യേശുദാസ് പഴമ്പിള്ളി, കെസിബിസി ബൈബിള്‍ കമ്മീഷന് സെക്രട്ടറി ഫാ.ജോജു കോക്കാട്ട്, എന്‍.വി. ജോസ്, ജൂഡ് സി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
എല്‍കെജി മുതല്‍ പതിമൂന്നാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികളും അധ്യാപകരുമാണ് സുവിശേഷം പകര്‍ത്തിയെഴുതിയത്. മലയാളം കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, ജര്‍മന്‍, ഹീബ്രു, ഭാഷകളിലും സുവിശേഷം പകര്‍ത്തിയെഴുതിയിട്ടുണ്ട്.