മത്സ്യബന്ധന വഞ്ചി മറിഞ്ഞ് ഒരാൾ മരിച്ചു
1491420
Tuesday, December 31, 2024 10:05 PM IST
തൃപ്പൂണിത്തുറ: എരൂരിൽ മത്സ്യബന്ധനത്തിനു പോയവരുടെ വഞ്ചി മറിഞ്ഞ് ഒരാൾ മരിച്ചു. എരൂർ പല്ലിമിറ്റം പുത്തൻതുണ്ടിയിൽ രാജന്റെ മകൻ ജയൻ (53) ആണ് മരിച്ചത്. എരൂരിൽ കപ്പട്ടിക്കാവിനടുത്ത് കൊച്ചി വാട്ടർ മെട്രോ പോകുന്ന പുഴയിൽ ഇന്നലെ വൈകിട്ട് 5.30 ഓടെയായിരുന്നു അപകടം. രണ്ടു പേർ സഞ്ചരിച്ചിരുന്ന വള്ളം മറിയുകയായിരുന്നു.
വള്ളത്തിലുണ്ടായിരുന്ന ഒരാൾ നീന്തി രക്ഷപ്പെട്ടെങ്കിലും ജയന് രക്ഷപ്പെടാൻ സാധിച്ചില്ല. പിന്നീട് നടത്തിയ തെരച്ചിലിൽ ജയന്റെ മൃതദേഹം കണ്ടെടുത്തു.
ഇന്നലെ രാവിലെ മീൻ പിടിക്കാൻ പോയ ഇരുവരും പിടികൂടിയ മത്സ്യം വില്പന നടത്തിയ ശേഷം രണ്ടാമത് മത്സ്യബന്ധനത്തിന് പോയപ്പോഴായിരുന്നു അപകടം. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ. അമ്മ: സുഭദ്ര. ഭാര്യ: ജയ. മകൻ: അഭിഷേക്.