നിർമല വിജ്ഞാൻ പുരസ്കാരദാനവും ശാസ്ത്ര പ്രദർശനവും മൂന്നിന്
1491437
Wednesday, January 1, 2025 3:20 AM IST
മൂവാറ്റുപുഴ: നിർമല കോളജ് രാഷ്ട്ര നിർമാണത്തിൽ നിസ്തുല സംഭാവനകൾ നല്കിയ വ്യക്തികളെ "നിർമല വിജ്ഞാൻ ’പുരസ്കാരം നല്കി ആദരിക്കുന്നതിന് ഈ വർഷം മുതൽ തുടക്കം കുറിക്കുകയാണെന്ന് നിർമല കോളജ് പ്രിൻസിപ്പൽ റവ. ഡോ. ജസ്റ്റിൻ കെ. കുര്യാക്കോസ്, ബർസാർ ഫാ. പോൾ കളത്തൂർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ആദ്യ പുരസ്കാരം ഏറ്റുവാങ്ങുന്നത് പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞനും വിക്രം സാരാഭായ് സ്പേസ് സെന്റർ ഡയറക്ടറുമായ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായരാണ്.
മൂന്നിന് രാവിലെ 10ന് കോളജ് ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തിലാണ് പുരസ്കാര ദാനവും പ്രദർശനവും സംവാദവും. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം കോതമംഗലം രൂപതാധ്യക്ഷൻ ബിഷപ് മാർ. ജോർജ് മഠത്തിക്കണ്ടത്തിൽ സമ്മാനിക്കും. അവാർഡ്ദാന ചടങ്ങിനോടനുബന്ധിച്ച് ശാസ്ത്ര പ്രദർശനവും നടക്കും. ശാസ്ത്ര കൗതുകമുള്ള സ്കൂൾ കുട്ടികളുമായി ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ സംവാദത്തിലും ഏർപ്പെടും. വരും വർഷങ്ങളിലും നിർമല വിജ്ഞാൻ പുരസ്കാരം നൽകി വിജ്ഞാന ലോകത്തിനായി ജീവിതം സമർപ്പിച്ചവരെ ആദരിക്കും.
കൂടാതെ കോളജിലെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് തയാറാക്കിയ ചന്ദ്രയാൻ-3 ന്റെ പ്രവർത്തന മാതൃകയുടെ പ്രദർശനവുമുണ്ടായിരിക്കും. ഒരു വർഷമെടുത്ത് നിർമിച്ച യഥാർഥ ചന്ദ്രയാൻ പേടകത്തിന്റെ അതേ വലുപ്പത്തിലുള്ള, പൂർണമായും ഓട്ടോമാറ്റിക് സംവിധാനത്തിൽ ചന്ദ്രന്റെ ഉപരിതലത്തിൽ നടന്ന സംഭവങ്ങളുടെ പുനരാവിഷ്കാരമാണ് പ്രദർശനത്തിൽ നടക്കുക. 500 കിലോയോളം ഭാരം വരുന്ന പേടകമാണ് കോളജിൽ ഒരുക്കിയിരിക്കുന്നത്.
പ്രദർശനത്തിൽ സമീപ പ്രദേശങ്ങളിൽ നിന്നായി 1,000 ത്തോളം സ്കൂൾ വിദ്യാർഥികൾ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ വൈസ് പ്രിൻസിപ്പൽമാരായ പ്രഫ. എ.ജെ. ഇമ്മാനുവൽ, ഡോ. സോണി കുര്യാക്കോസ്, ഫിസിക്സ് വിഭാഗം മേധാവി പ്രഫ. ടിറ്റു തോമസ്, കോളജ് ഡീൻമാരായ ഷൈമോൻ ജോസഫ്, ഡോ. കെ.വി. വിനോദ്, പിആർഒ ഏബൽ ബാബു എന്നിവരും പങ്കെടുത്തു.