കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറിലിടിച്ച് യുവതി മരിച്ചു
1491151
Monday, December 30, 2024 10:12 PM IST
കൊച്ചി: അമിതവേഗതയിലെത്തിയ കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ആലപ്പുഴ അരൂക്കുറ്റി സ്വദേശി സീനത്താ(43)ണ് തത്ക്ഷണം മരിച്ചത്. സ്കൂട്ടര്‍ ഓടിച്ചിരുന്ന ഇവരുടെ സഹോദരീപുത്രനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുമരകം- ഹൈക്കോര്‍ട്ട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ കോട്ടയം സ്വദേശി ഇല്യാസിനെ എറണാകുളം സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെ ഒമ്പതിന് കടവന്ത്രയില്‍ മെട്രോ പില്ലര്‍ 790 ന് അടുത്തായിരുന്നു അപകടം. സിഗ്നലില്‍ സ്കൂട്ടര്‍ നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടര്‍ മുന്നിലുണ്ടായിരുന്ന കാറിലേക്കും ഇടിച്ചുകയറി. കാറിനും ബസിനും ഇടയില്‍ ഞെരുങ്ങിയായിരുന്നു സീനത്ത് മരിച്ചതെന്നാണ് നിഗമനം.
ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടര്‍ കാറിലേക്കും തുടര്‍ന്ന് മറ്റ് വാഹനങ്ങളിലും ഇടിച്ചെങ്കിലും ആര്‍ക്കും പരിക്കുകളില്ല. തൊട്ടു പിന്നിലുള്ള സ്റ്റോപ്പില്‍ ആളെയിറക്കിയ ശേഷം അമിത വേഗതയിലാണ് കെഎസ്ആര്‍ടിസി ബസ് എത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
അതേസമയം, കെഎസ്ആര്‍ടിസി ബസിന് ഇൻഷ്വറന്‍സും പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റും ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ട്.