വ്യാജ രേഖകള്‍ ചമച്ച് പണം തട്ടിയ പ്രതി അറസ്റ്റില്‍
1491434
Wednesday, January 1, 2025 3:20 AM IST
കൊച്ചി: റിക്രൂട്ട്മെന്റ് സ്ഥാപനത്തില്‍ വ്യാജ രേഖകള്‍ ചമച്ച് പണം തട്ടിയ പ്രതി അറസ്റ്റില്‍. തൃശൂര്‍ ചെമ്പുചിറ കണ്ണങ്കാട്ട് വീട്ടില്‍ കെ.ആര്.രാജു (54)വിനെയാണ് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്.
എറണാകുളം എംജി റോഡില്‍ പ്രവര്‍ത്തിച്ചുവരുന്ന കാന്‍സണ്‍ മാന്‍പവര്‍ എക്സ്പോര്്ട്സ് എന്ന വിദേശത്തേക്കുള്ള മാന്‍പവര്‍ റിക്രൂട്ട്മെന്റ് സ്ഥാപനത്തില്‍ ഏജന്റായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു ഇയാള്‍. സ്ഥാപനത്തിന് ഖത്തറില്‍ നടന്ന ഫുട്ബോള്‍ ലോകകപ്പിലേക്ക് ആവശ്യമായ ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യുന്നതിനായി സമീപിച്ച മുംബൈയിലെ ഖത്തിരു ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്ന സ്ഥാപനത്തിന് നല്‍കുന്നതിനായി കാന്‍സണ്‍ മാന്‍പവര്‍ എക്സ്പോര്‍ട്സ് ഉടമ ഏല്പിച്ച അഞ്ചു ലക്ഷം രൂപ പ്രതി ഈ സ്ഥാപനത്തിലെ മാനേജിംഗ് പാര്‍ട്ണറാണെന്നും മറ്റും കാണിച്ച് വ്യാജരേഖകള്‍ ഉണ്ടാക്കി.
തുടര്‍ന്ന് ഖത്തിരു ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ സഹോദര സ്ഥാപനമായ മുബൈയിലെ മഹന്ദ് മാന്‍ എന്ന സ്ഥാപനവുമായി കരാര്‍ ഉണ്ടാക്കി സ്ഥാപനത്തിന്റെ ബിസിനസ് നഷ്ടപ്പെടുത്തി അഞ്ചു ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി ഒളിവില്‍ കഴിഞ്ഞു.
സെന്‍ട്രല്‍ പോലീസ് ഇന്‍സ്പെക്ടര്‍ അനീഷ് ജോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ എറണാകുളം രവിപുരത്തുള്ള ഒരു സ്ഥാപനത്തില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ തിരുവനന്തപുരം ജില്ലയില്‍ സമാന കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതിന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.