വളക്കുഴിക്ക് ശാപമോക്ഷം; ബയോ മൈനിംഗ് ആരംഭിച്ചു
1491252
Tuesday, December 31, 2024 4:53 AM IST
മൂവാറ്റുപുഴ: അഞ്ചര പതിറ്റാണ്ടായി നഗരത്തിന്റെ മാലിന്യം പേറുന്ന വളക്കുഴി ഡംബിംഗ് യാർഡിന് ശാപമോക്ഷമാകുന്നു. വർഷങ്ങളായി കുന്നുകൂടി മാലിന്യ മലയായി മാറിയ വളക്കുഴിയിൽ ബയോ മൈനിംഗ് ആരംഭിച്ചു.
കേരള ഖരമലിന്യ പരിപാലന പദ്ധതി പ്രകാരം ബയോമൈനിങിനായി 10.82 കോടി അനുവദിച്ചിരുന്നു. നാഗ്പൂർ ആസ്ഥാനമായ എസ്എംഎസ് ലിമിറ്റഡാണ് മൈനിംഗ് നടത്തുന്നത്. നാലര ഏക്കർ വിസ്തൃതി വരുന്ന വളക്കുഴി ഡംബിംഗ് യാർഡ് 1965 ലാണ് പ്രവർത്തനം ആരംഭിച്ചത്. 57വർഷം പിന്നിടുന്പോൾ ഇവിടെ വൻ മാലിന്യ ശേഖരമാണുളളത്. വേനലിൽ അഗ്നിബാധയും മഴക്കാലത്ത് ഈച്ച, കൊതുകുശല്യവും സമീപ വാസികൾക്ക് ദുരിതം വിതച്ചിരുന്നു. ബയോ മൈനിംഗിലൂടെ മാലിന്യം നീക്കം ചെയ്യുന്നതോടെ ഈ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകും.
ഡംപ് സൈറ്റിൽ കുമിഞ്ഞു കൂടിയ മാലിന്യങ്ങൾ യന്ത്ര സഹായത്തോടെ കുഴിച്ചെടുത്ത് തരംതിരിച്ച് വേർതിരിച്ച് സ്ഥലത്തു നിന്നും സുരക്ഷിതമായി നീക്കം ചെയ്ത് മലിനമായ ഭൂമിയെ വീണ്ടെടുക്കുന്നതാണ് പ്രക്രിയ. കുഴിച്ചെടുക്കുന്നവയിൽ ജൈവ മാലിന്യങ്ങൾ വിൻഡ്രോ, ലാർവ കന്പോസ്റ്റിങ് വഴി ജൈവ വളമാക്കി കർഷകർക്ക് വിതരണം ചെയ്യും.
അജൈവ മാലിന്യങ്ങൾ തരംതിരിച്ച് ഏജൻസിക്ക് കൈമാറും. ശേഷിക്കുന്ന മണ്ണു മാത്രം യാർഡിൽ നിക്ഷേപിക്കും. ഈ പ്രക്രിയ പൂർത്തിയാൽ നഗരത്തിൽ നിന്ന് ശേഖരിച്ച് ഇവിടെ എത്തിക്കുന്ന മാലിന്യം തരം തിരിച്ച് അന്ന് തന്നെ സംസ്കരിക്കും. ബയോമൈനിംഗിന് ശേഷം വളക്കുഴിയിൽ മാലിന്യ നിക്ഷേപം ഉണ്ടാകില്ല. ആധുനിക സംവിധാനം ഉപയോഗപ്പെടുത്തിയുളള സംസ്കരണമാകും നടക്കുക. ഭൂമിക്കു മുകളിൽ 31995 ക്യുബിക് മീറ്ററും ഭൂമിക്കു താഴെ 55905 ക്യുബിക് മീറ്ററും മാലിന്യമാണ് വളക്കുഴിയിൽ നിക്ഷേപിച്ചിട്ടുളളത്. ഇത് ഏകദേശം 44589.18 മെട്രിക് ടണ് വരും. മൂന്നു മുതൽ ആറുമാസം കൊണ്ട് പൂർത്തിയാകും.
നഗരസഭ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അബ്ദുൾ സലാം അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ അജി മുണ്ടട്ട്, നിസ അഷ്റഫ്. ജോസ് കുര്യാക്കോസ്, മീര കൃഷ്ണൻ, നഗരസഭാംഗങ്ങളായ ആർ. രാകേഷ്, പി.എം. സലിം, പി.വി. രാധാകൃഷ്ണൻ, അമൽ ബാബു, ഫൗസിയ അലി, കെ.കെ. സുബൈർ, പായിപ്ര പഞ്ചായത്ത് അംഗം വിജി പ്രഭാകരൻ, നഗരസഭ സെക്രട്ടറി എച്ച്. സിമി, ക്ലീൻ സിറ്റി മാനേജർ എ. നൗഷാദ്, മലിനീകരണ നിയന്ത്രണ ബോർഡ് അസി. എൻജിനീയർ ശാലിനി, ഇ.എം. സാലിഹ, അപർണ ഗിരീഷ്, അജിത് കുമാർ നൈനാൻ, മണി വർണൻ തുടങ്ങിയവർ പങ്കെടുത്തു.