കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്തു, യാത്രക്കാരൻ അറസ്റ്റിൽ
1491248
Tuesday, December 31, 2024 4:53 AM IST
കൂത്താട്ടുകുളം: മദ്യലഹരിയിൽ കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്ത യാത്രക്കാരനെ കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ വെന്നൂർ സ്വദേശി വടക്കേക്കര കുന്നത്ത് രമേശാ(38)ണ് കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലർച്ചെ 12.45 ഓടെ ആണ് സംഭവം.
കൊട്ടാരക്കര ഡിപ്പോയിലെ കൊട്ടാരക്കര - കൊയമ്പത്തൂർ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ കേട്ടയത്തു നിന്നും കയറി പ്രതി കൂത്താട്ടുകുളം ഭാഗത്ത് എത്തിയപ്പോൾ
സ്വയം പ്രകോപിതനായി ബസിന്റെ മുൻഭാഗത്തെ ഗ്ലാസ് നെറ്റി കൊണ്ട് ഇടിച്ചു പൊട്ടിക്കുകയായിരുന്നു. കോട്ടയത്തു നിന്നും ബസിൽ കയറിയപ്പോൾ മുതൽ പ്രതി അസ്വസ്ഥനായിരുന്നു എന്നും സംഭവ സമയം പ്രതി മദ്യലഹരിയിൽ ആയിരുന്നു എന്നും സഹയാത്രികർ പറഞ്ഞു.
കൂത്താട്ടുകുളം കെഎസ്ആർടിസി ഡിപ്പോയിലെ കൺട്രോളിംഗ് ഓഫീസർ രോഹിണി സുരേഷിന്റെ പരാതിൽ, പൊതുമുതൽ നശിപ്പിച്ചതിനാണ് കൂത്താട്ടുകുളം പോലീസ് കേസ് എടുത്തിട്ടുള്ളത്. ഗ്ലാസ് പൊട്ടിയ വകയിൽ കെഎസ്ആർടിസി ക്ക് 34600 രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. പ്രതി ഏറ്റുമാനൂരിലെ ഒരു ബേക്കറിയിലെ ജോലിക്കാരനാണ്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.