ലൈറ്റിംഗ് രംഗത്തെ കണ്ടുപിടുത്തത്തിന് എംഎ എൻജിനീയറിംഗ് കോളജ് വിദ്യാർഥികൾക്ക് പേറ്റന്റ്
1491435
Wednesday, January 1, 2025 3:20 AM IST
കോതമംഗലം: ലൈറ്റിംഗ് രംഗത്തെ നൂതന കണ്ടുപിടുത്തമായ സ്മാർട്ട് ഡിവൈസ് ഫോർ പ്രേഡിറ്റിംഗ് ഇന്റൻസിറ്റി ആൻഡ് പൊസിഷൻ ഓഫ് ലൂമിനയർ ഉപകരണത്തിന് എംഎ എൻജിനീയറിംഗ് കോളജ് വിദ്യാർഥികൾക്ക് 20 വർഷത്തേക്ക് ഇന്ത്യൻ പേറ്റന്റ് ലഭിച്ചു. നിലവിൽ പ്രകാശത്തിന്റെ തീവ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം മാത്രമാണ് ഈ മേഖലയിൽ നിലവിലുള്ളത്.
ഓരോ സാഹചര്യത്തിനും അനിവാര്യമായ പ്രകാശത്തിന്റെ തീവ്രത ഇന്ത്യൻ നിയമങ്ങൾക്ക് ഉതകുന്നതാണോ എന്ന് പരിശോധിക്കുകയും കണ്ണിനും കാഴ്ചയ്ക്കും അനുയോജ്യമായ നിലയിൽ പ്രകാശം ക്രമീകരിക്കുവാൻ സഹായിക്കുകയും ചെയ്യുന്ന ഉപകരണമാണിത്. സാഹചര്യത്തിന് അനുയോജ്യമായ ലൈറ്റിംഗ് രീതി നിമിഷങ്ങൾക്കകം രൂപകല്പന ചെയ്യുവാൻ കഴിയുന്ന ഉപകരണം ഉപഭോക്താക്കളുടെ ആവശ്യാനുസരണം വീട്, ജോലിസ്ഥലം, വ്യാവസായികയിടങ്ങൾ, എന്നിങ്ങനെ ഏത് മേഖലയിലും ഉപയോഗപ്രദമാണ്.
പ്രകാശത്തെ ബാധിക്കുന്ന റിഫ്ലക്ഷൻ, ഗ്ലെയർ, സ്ട്രോബോസ്കോപ്പിക് ഇഫക്ട് മുതലായവ കണക്കിലെടുത്ത് ഏറ്റവും മികച്ച രീതിയിൽ ലൈറ്റിംഗ് രൂപകല്പന ചെയ്യുന്നതിനോടൊപ്പം ഊർജ സംരക്ഷണത്തിലും ഉപകരണം പ്രധാന പങ്കുവഹിക്കുന്നു. പ്രഫ. കിരൺ ക്രിസ്റ്റഫർ, പ്രഫ. മീനു ജിബി എന്നിവരുടെ നേതൃത്വത്തിൽ അസ്ലഹ അലി, അർജുൻ രാജ്, ടി.വി. ജൂലിയസ്, അഭയ് കൃഷ്ണ എന്നിവർ ചേർന്നാണ് ഉപകരണം രൂപകല്പന ചെയ്തത്. ഏറ്റവും മികച്ച പ്രോജക്ട് കണ്ടെത്തുന്നതിന് കോളജിലെ ഇന്റേണൽ ക്വാളിറ്റി അസ്വറൻസ് സെൽ (ഐക്യുഎസി) നടത്തിയ മത്സരത്തിലും ഇവർക്ക് ഒന്നാം സമ്മാനം ലഭിച്ചിരുന്നു.