മൃദംഗ നാദം: പിരിച്ചത് കോടികൾ
1491246
Tuesday, December 31, 2024 4:53 AM IST
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ ഗിന്നസ് റിക്കാര്‍ഡ് ലക്ഷ്യമിട്ട് ഞായറാഴ്ച നടത്തിയ മെഗാനൃത്ത പരിപാടി 'മൃദംഗനാദ'ത്തില്‍ പങ്കെടുത്തവരില്‍ നിന്നായി സംഘാടകര്‍ പിരിച്ചെടുത്തത് കോടികളെന്ന് ആക്ഷേപം. 3500 മുതല്‍ 6,000 രൂപവരെ പങ്കെടുക്കാനെത്തിയവരില്‍ നിന്ന് സംഘാടകര്‍ പിരിച്ചെടുത്തതായി പറയപ്പെടുന്നു. ആദ്യം ആരോപണവുമായി എത്തിയത് ഇടുക്കി സ്വദേശിനിയായ നര്‍ത്തകിയാണ്. ഇവരില്‍ നിന്ന് 5,100 രൂപ സംഘാടകര്‍ വാങ്ങിയതായി പറയുന്നു.
രജിസ്ട്രേഷന് ഫീസായി 3500 രൂപയും വസ്ത്രത്തിന് 1600 രൂപയും നല്കി. പട്ടുസാരി നല്‍കുമെന്നാണ് പറഞ്ഞതെങ്കിലും കിട്ടിയത് സാധാരണ കോട്ടണ്‍ സാരിയാണ്. ഭക്ഷണം, താമസം, മേയ്ക്കപ്പ് എല്ലാം സ്വന്തം കൈയില്‍ നിന്ന് പണമെടുത്താണ് ചെയ്തത്. ഗിന്നസ് റിക്കാര്‍ഡ് സര്‍ട്ടിഫിക്കറ്റ് കിട്ടുമെന്ന പ്രതീക്ഷയിലാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതെന്നും എന്നാല്‍ സംഘാടനത്തില്‍ പിഴവ് ബോധ്യപ്പെട്ടത് ഉമ തോമസിന് പരിക്കേറ്റപ്പോഴാണെന്നും നര്‍ത്തകി പറഞ്ഞു. അപകടശേഷം പരിപാടിയില്‍ പങ്കെടുത്തില്ലെന്നും അവര്‍ വ്യക്തമാക്കി.
താന്‍ മുന്‍പും റിക്കാര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ പല പരിപാടിയിലും പങ്കെടുത്തിട്ടുണ്ടെങ്കിലും അതിലൊന്നും ഇത്രയധികം പണം ആവശ്യപ്പെട്ടിരുന്നില്ല. സംഗീതജ്ഞനായ ഭര്‍ത്താവ് പങ്കെടുത്ത പരിപാടികളിലും ഈ നിലയില്‍ പണം ആവശ്യപ്പെട്ടിരുന്നില്ല. അമ്മയുടെ നിര്‍ബന്ധപ്രകാരമാണ് പണം കൊടുത്തത്. എന്നാല്‍ ഇന്നലെ നടന്ന പരിപാടിയുടെ സമയക്രമം പലപ്പോഴായി മാറ്റി. ഇതിലേക്ക് കൂടുതല്‍ നര്‍ത്തകരെ പങ്കെടുപ്പിക്കുന്ന നൃത്താധ്യാപകര്‍ക്ക് സ്വർണനാണയം വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. നൃത്താധ്യാപകര് കുട്ടികളെ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ എത്തിച്ചത് ഇങ്ങനെയാണെന്നും അവര്‍ പറഞ്ഞു.
പരിപാടിക്കു
വാടക
ഒന്‍പത് ലക്ഷം
കൊച്ചി: മൃദംഗ വിഷൻ സംഘടിപ്പിച്ച മെഗാ ഭരതനാട്യ പരിപാടിക്കായി കലൂർ രാജ്യാന്തര സ്റ്റേഡിയം വാടകയക്കു നൽകിയ ഇനത്തിൽ ജിസിഡിഎയ്ക്കു ലഭിക്കുന്നത് ഒന്‍പതു ലക്ഷം രൂപ. കഴിഞ്ഞ ഒക്ടോബർ 16 നാണ് ഇതു സംബന്ധിച്ചു ജിസിഡിഎയും മൃദംഗവിഷൻ അധികൃതരുമായി കരാർ ഒപ്പുവച്ചത്.
ജിഎസ്ടി, സെക്യൂരിറ്റി ഡിപ്പോസിറ്റ് എന്നീ ഇനങ്ങളിൽ അഞ്ചു ലക്ഷം രൂപയും സംഘാടകർ നൽകണമെന്നു കരാറുണ്ടായിരുന്നു.
സ്റ്റേഡിയത്തിൽ പരിപാടി നടത്തുന്നതിന് കേരള ബ്ലാസ്റ്റേഴ്സ് നിരാക്ഷേപപത്രം നൽകിയിരുന്നു.
സമഗ്ര അന്വേഷണം വേണം: മുഹമ്മദ് ഷിയാസ്
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ ഉമ തോമസ് എംഎല്‍എയ്ക്ക് അപകടം സംഭവിച്ചത് അധികൃതരുടെ അനാസ്ഥ മൂലമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്.
മന്ത്രി സജി ചെറിയാനും മറ്റു ജനപ്രതിനിധികളും എഡിജിപിയും സിറ്റി പോലീസ് കമ്മീഷണറും ജിസിഡിഎ ചെയര്‍മാനും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത വേദിയിലാണ് ഇത്തരമൊരു അപകടം നടന്നത്. അപകടത്തിനുശേഷം അതിന്റെ ഉത്തരവാദിത്വം പരസ്പരം പഴിചാരുന്ന പ്രവൃത്തിയാണ് ജിസിഡിഎയില്‍ നിന്നും സംഘാടകരില്‍ നിന്നും ഉണ്ടാകുന്നത്. ഫയര്‍ഫോഴ്സിന്റെയും പോലീസിന്റെയും അനുമതികള്‍ ഇല്ലാതെ ഈ പരിപാടി എങ്ങനെ സംഘടിപ്പിക്കപ്പെട്ടുവെന്നത് ഗൗരവകരമായ കാര്യമാണ്.
മന്ത്രി ഉള്‍പ്പെടെ പങ്കെടുത്ത വേദിയുടെ സുരക്ഷയെപ്പറ്റി യാതൊരു ആകുലതയും പോലീസിന് തോന്നിയില്ലെന്നത് അത്ഭുതമാണ്. ഇത്രയും പേര് പങ്കെടുക്കുന്ന പരിപാടിക്ക് യാതൊരുവിധ മെഡിക്കല്‍ സുരക്ഷാ മുന്‍കരുതല്‍ സംവിധാനങ്ങളും ഇല്ലായിരുന്നു. അതുപോലെ പരിപാടി നടത്തിപ്പുമായി ബന്ധപ്പെട്ട് സംഘാടകര്‍ക്കെതിരെ സാമ്പത്തിക ആരോപണങ്ങളും ഉയര്‍ന്നുവരുന്നു.
ഇത്തരം ആരോപണങ്ങളും അന്വേഷണപരിധിയില്‍ കൊണ്ടുവരേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.