മൂവാറ്റുപുഴ കെഎസ്ആർടിസി ബസ്സ്റ്റേഷൻ പദ്ധതിക്ക് ഭരണാനുമതി
1491249
Tuesday, December 31, 2024 4:53 AM IST
മൂവാറ്റുപുഴ: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ മൂവാറ്റുപുഴ കെഎസ്ആർടിസി ബസ് സ്റ്റേഷന് ശാപമോക്ഷം. കെഎസ്ആർടിസി ഡിപ്പോ നവീകരണത്തിന് നൽകിയ 4.25 കോടിയുടെ പദ്ധതിക്ക് സാന്പത്തിക അനുമതിയും അതിനെ തുടർന്നുള്ള ഭരണാനുമതിയും ലഭ്യമായതായി മാത്യു കുഴൽനാടൻ എംഎൽഎ അറിയിച്ചു.
മുൻവർഷങ്ങളിൽ എംഎൽഎയുടെ ഇടപെടലുകളെ തുടർന്ന് കെഎസ്ആർടിസി എംഡി അടക്കം മൂവാറ്റുപുഴ ബസ് സ്റ്റേഷനിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം 2.25 കോടി ബസ് സ്റ്റാൻഡ് നവീകരണത്തിനായി അനുവദിച്ചിരുന്നു. എന്നാൽ കെഎസ്ആർടിസി തുക ഉപയോഗിച്ചുള്ള ജോലികൾ ആരും തയാറാകാതെ വരികയും ടെൻഡർ നടപടികളിലാരും തന്നെ പങ്കെടുക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ നവീകരണം യാഥാർഥ്യമാക്കുന്നതിന് എംഎൽഎ മുൻകൈയെടുത്ത് 2023-24 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്ന് 4.25 കോടി അനുവദിക്കുകയായിരുന്നു. ഈ പദ്ധതിക്കാണ് ഇപ്പോൾ സർക്കാർ തലത്തിൽ നിന്നും സാന്പതിക അനുമതിയും അതിനെ തുടർന്നുള്ള ഭരണാനുമതിയും ലഭിച്ചിരിക്കുന്നത്.
നിർമ്മാണ പ്രവർത്തനത്തിന്റെ ചുമതല പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ്. മൂവാറ്റുപുഴയുടെ തന്നെ മുഖം മാറ്റുന്ന രീതിയിൽ ക്ലോക്ക് ടവർ അടക്കം ഉൾപ്പെടുത്തിക്കൊണ്ട്, യാത്രക്കാർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടി അത്യാധുനിക നിലവാരത്തിലാണ് ബസ് സ്റ്റേഷന്റെ നവീകരണ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. നിലവിൽ പണി പൂർത്തീകരിക്കാത്ത കെട്ടിടത്തിന് സാമാന്തരമായി രണ്ടു നിലകളുള്ള പുതിയ കെട്ടിടം നിർമിക്കും. സ്റ്റേഷൻ മാസ്റ്റർ റൂം, ഇൻഫർമേഷൻ ഏരിയ, വനിത, പുരുഷ ജീവനക്കാർക്ക് പ്രത്യേകം വിശ്രമ മുറികൾ എന്നിവ സജ്ജീകരിക്കും.
നിലവിൽ പണി പൂർത്തീകരിക്കാതെ കിടക്കുന്ന കെട്ടിടവും ഇതോടൊപ്പം നവീകരിച്ച് ടൈൽ, പെയിന്റിംഗ് ഉൾപ്പെടെയുള്ള ബാക്കി ജോലികൾ പൂർത്തീകരിച്ച് ഉപയോഗപ്രദമാക്കും.
യാത്രികർക്കുള്ള കാത്തിരിപ്പ് കേന്ദ്രവും ആധുനിക നിലവാരത്തിൽ സജ്ജീകരിക്കും. പുതിയ രീതിയിലുള്ള ഓഫീസ് മുറികൾ, യാത്രക്കാർക്ക് വേണ്ടിയുള്ള ശുചിമുറികൾ, വാഷ് ഏരിയ അടക്കമുള്ള സൗകര്യങ്ങളും ഉണ്ടാകും. യാത്രികർക്കും ജീവനക്കാർക്കും പൊതുജനങ്ങൾക്കുമായി കോഫി ഷോപ്പും, ഭക്ഷണശാലയും അടക്കമുള്ളവയും ഈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.
z
പദ്ധതിയുടെ സാന്പത്തിക അനുമതിയും അതിനെ തുടർന്നുള്ള ഭരണാനുമതിയും പൂർത്തിയായതോടെ സാങ്കേതികാനുമതി വേഗത്തിൽ ലഭ്യമാക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് എംഎൽഎ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമാണ പ്രവർത്തനങ്ങൾ ഉടൻ തന്നെ ആരംഭിക്കുന്നതിനുള്ള എല്ലാ പ്രവർത്തനവുമായി മുന്നോട്ടു പോകുമെന്നും എംഎൽഎ അറിയിച്ചു.