കൂനമ്മാവ് ചാവറ തീര്‍ഥാടന കേന്ദ്രത്തിലെ നേർച്ചസദ്യയ്ക്ക് ആയിരങ്ങളെത്തി
1490656
Sunday, December 29, 2024 3:56 AM IST
വരാപ്പുഴ : വരാപ്പുഴ അതിരൂപതയുടെ ചാവറ തീര്‍ഥാടന കേന്ദ്രമായ കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയിൽ കുര്യാക്കോസ് ഏലിയാസച്ചന്റെ വിശുദ്ധ പദവി ദശവത്സരാഘോഷത്തിന്റെയും തിരുനാളിന്റെയും ഭാഗമായി നടന്ന സൗഖ്യദായക നേര്‍ച്ച സദ്യയില്‍ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു.
ദിവ്യബലിക്കും നേര്‍ച്ച സദ്യ ആശീര്‍വാദത്തിനും കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ കാര്‍മികത്വം വഹിച്ചു. ഫാ. മാത്യു ജോംസണ്‍ തോട്ടുങ്കല്‍ വചന സന്ദേശം നല്കി. തുടര്‍ന്ന് നേര്‍ച്ചസദ്യയുടെ ആശീര്‍വാദവും ചാവറയച്ചന്റെ തിരുക്കുടുംബ ഭക്തി അനുസ്മരിച്ചുകൊണ്ട് ചിറയ്ക്കല്‍ അഞ്ചല്‍ സെബാസ്റ്റ്യന്റെ കുടുംബത്തിന് ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ സദ്യ വിളമ്പി.
നേര്‍ച്ചസദ്യ വിതരണം രാത്രി ഒന്പതുവരെ നീണ്ടുനിന്നു. ഇത്തവണ അത്ഭുതകരമായ തിരക്കാണ് അനുഭവപ്പെട്ടത്. കിടപ്പുരോഗികള്‍ക്കായി പ്രത്യേക കൂപ്പണുകള്‍ നല്കി നേര്‍ച്ച എത്തിച്ചിരുന്നു. പുറത്തുനിന്ന് വരുന്ന ഭക്തജനങ്ങള്‍ക്കായി നേര്‍ച്ച പായ്ക്കറ്റുകളും പായസ കുപ്പികളും പളളി സ്റ്റാളില്‍ നിന്ന് ലഭിച്ചു.
ഇന്ന് രാവിലെ വാഹന ആശീര്‍വാദം. 10ന് ആഘോഷമായ ദിവ്യബലിയില്‍ ഫാ. ലാസര്‍ സിന്റോ തൈപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. വൈകിട്ട് 5.30ന് ജോസഫ് തട്ടാരശേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി. വൈകിട്ട് ഏഴിന് സാംസ്കാരിക സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. മോണ്‍. സെബാസ്റ്റ്യന്‍ ലൂയീസ് അധ്യക്ഷത വഹിക്കും. ഹൈബി ഈഡന് എംപി മുഖ്യപ്രഭാഷണം നടത്തും. മഞ്ഞുമ്മല്‍ പ്രൊവിഷ്യാള്‍ ഡോ. അഗസ്റ്റിന് മുല്ലൂര്‍ അനുഗ്രഹ പ്രഭാഷണം നടത്തും.
30ന് വൈകിട്ട് 5.30ന് ഫാ. നോര്‍ബിന്‍ പഴമ്പിള്ളിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി. രാത്രി 7.30ന് കാഞ്ഞിരപ്പിള്ളി അമല കമ്യൂണിക്കേഷന്റെ നാടകം - ശാന്തം. ജനുവരി രണ്ടിന് രാവിലെ 10.30ന് ഫാ. ആന്റണി റാഫേല്‍ കൊമരംചാത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ദിവ്യബലി. വൈകിട്ട് 5.30ന് ഫാ. ബിബിന്‍ ജോര്‍ജ് തറേപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ഡയസ് ആന്റണി വലിയമരത്തുങ്കല്‍ വചനസന്ദേശം നല്‍കും. രാത്രി 7.30ന് കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷന്റെ ഗാനമേള.
തിരുനാള്‍ ദിനമായ ജനുവരി മൂന്നിന് ആറിനും ഏഴിനും 10.30നും ദിവ്യബലി. വൈകിട്ട് അഞ്ചിന് പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല മുഖ്യകാര്‍മികത്വം വഹിക്കും.
തിരുനാള്‍ ആഘോഷങ്ങള്‍ക്ക് റെക്ടര്‍ മോണ്‍. സെബാസ്റ്റ്യന്‍ ലൂയീസ് സഹവികാരി ഫാ. സുജിത് സ്റ്റാന്‍ലി നടുവിലവീട്ടില്‍, ഫാ. ലാസര്‍ സിന്റോ തൈപ്പറമ്പില്‍, ഡീക്കന്‍ ഗോഡ്സന് ചമ്മണിക്കോടത്ത്, പ്രസുദേന്തിമാര്‍, തിരുനാളാഘോഷ കമ്മിറ്റി എന്നിവരാണ് നേതൃത്വം നല്‍കുന്നത്.