കൊച്ചിയുടെ പെരുമയിൽ കേരളത്തിന് "ഹാപ്പി ന്യൂ ഇയർ...'
1490651
Sunday, December 29, 2024 3:29 AM IST
കൊച്ചി: "ഹാപ്പി ന്യൂ ഇയർ...' മലയാളി ഇതു കേൾക്കുന്പോഴും പറയുന്പോഴും കൊച്ചിയും, ഇവിടുത്തെ പരന്പരാഗതമായ ആഘോഷങ്ങളും ആരവങ്ങളുമെല്ലാം മനസിലേക്കെത്തും. ഫോർട്ട്കൊച്ചിയിലെ മഴമരവും കൂറ്റൻ പപ്പാഞ്ഞിയും എണ്ണിയാലൊടുങ്ങാത്ത വലിയ ആൾക്കൂട്ടവുമെല്ലാം ചേർന്ന് കേരളത്തിന്റെ പുതുവത്സര ആഘോഷരാവ് കൊച്ചിയും കൊച്ചിക്കാരും അക്ഷരാർഥത്തിൽ കൈയടക്കുന്ന കാഴ്ച, കേരളത്തിന്റെയും കാഴ്ച തന്നെ.
കേരളത്തിന്റെ പുതുവത്സരാഘോഷങ്ങളുടെ മുഖ്യവേദിയായി കൊച്ചി മാറിയതെങ്ങനെ? പതിറ്റാണ്ടുകൾ പഴക്കമുണ്ട് ആ കഥയ്ക്കു പിന്നിൽ. കേരളത്തിലേക്കെത്തിയ വിദേശ പൈതൃകങ്ങളുടെയും വിദേശികളുടെ ഇടപെടലുകളുടെയും സ്മരണ ഇന്നും അവശേഷിപ്പിക്കുന്ന ആഘോഷപ്പെരുമ കൂടിയാണത്. എങ്കിലും ജനകീയ പങ്കാളിത്തത്തിന്റെയും കൊച്ചിയുടെ ബഹുസ്വരതയുടെയും പര്യായമായാണു ഫോർട്ട്കൊച്ചിയിലെ പുതുവത്സരാഘോഷങ്ങൾ. കൊച്ചിക്കാരുടെ സാംസ്കാരിക ബോധത്തിന്റെ മറ്റൊരു മുഖമാകാൻ കൊച്ചി കാർണിവലിനായിട്ടുണ്ട്.
പറങ്കികൾ പറഞ്ഞു, അടിപൊളിയാക്കി
പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് അധിനിവേശ ശക്തികളുടെ സ്വാധീനം വലിയ തോതിൽ കണ്ട പൈതൃനഗരമാണു കൊച്ചി. സ്വാഭാവികമായും ഈ മൂന്ന് ശക്തികളുടെ സംസ്കാരത്തിന്റെയും ആചാരങ്ങളുടെയും സ്വാധീനം കൊച്ചിക്കാരുടെമേലും പ്രബലമായി.
പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസ് കോളനിയായിരുന്ന കൊച്ചിയിൽ പറങ്കികൾ അവതരിപ്പിച്ച ആശയമായിരുന്നു പുതുവത്സരാഘോഷം. തീന്മേശകളിലെ രുചികരമായ ഭക്ഷ്യവിഭവങ്ങളും പാനീയങ്ങളുമെല്ലാം സമൃദ്ധമാക്കുന്ന പോർച്ചുഗീസ് പുതുവത്സരാഘോഷം. കടന്നുപോകുന്ന വർഷം തനിക്കു സംഭവിച്ച ദുഃഖങ്ങളെ മറന്ന് പ്രത്യാശയോടെ പുതുവർഷത്തെ സ്വീകരിക്കുക എന്നതായിരുന്നു ന്യൂ ഇയർ ആഘോഷം കൊണ്ട് ഇക്കൂട്ടർ ഉദ്ധേശിച്ചത്. കുടുംബങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ആഘോഷം കാലക്രമേണ വിപുലമാകാൻ തുടങ്ങി.
അന്ന് ബീച്ച് ഫെസ്റ്റിവൽ ഇന്നു കാർണിവൽ
ഫോർട്ട്കൊച്ചിയിലെ മൂന്ന് ചെറുപ്പക്കാർ-ആനന്ദ് ഫെലിക്സ് സക്കറിയ, ജോർജ് അഗസ്റ്റിൻ തുണ്ടിപ്പറമ്പിൽ, ആന്റണി അനൂപ് സക്കറിയ എന്നിവർ ചേർന്ന് 1984 ബീച്ച് ഫെസ്റ്റിവൽ സംഘടിപ്പിച്ചു . ഇതാണ് പിന്നീട് കൊച്ചി കാർണിവലായി രൂപമാറ്റം സംഭവിച്ചത്. അക്കാലയളവിൽ യുഎൻ അവതരിപ്പിച്ച സമാധാനം, പങ്കാളിത്തം, പുരോഗതി എന്നീ മൂന്ന് മുദ്രാവാക്യങ്ങളോടൊപ്പം പരിസ്ഥിതി, സാഹസികത എന്ന മുദ്രാവാക്യങ്ങളും കാർണിവൽ സംഘാടകർ സ്വീകരിച്ചിരുന്നു.
ഈ മുദ്രാവാക്യങ്ങളിൽ ഊന്നിയാണ് വർഷംതോറും കാർണിവൽ ഫോർട്ട് കൊച്ചിയിൽ ഒരുങ്ങുന്നത്.
1984-ലെ കാർണിവലിന്റെ ആദ്യപതിപ്പിൽ നെറ്റിപ്പട്ടങ്ങളാൽ അലങ്കരിച്ച ഗജവീരന്മാരോടൊപ്പം പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ റാലിയും മറ്റു മത്സരയിനങ്ങളും ഒരുക്കിയിരുന്നു. ഇന്ന് കൊച്ചി കാർണിവൽ പുതുവത്സര ആഘോഷത്തിന്റെ മറ്റൊരു പേരാണ്.
ചെറുതല്ല ചെലവ്
എട്ടു ലക്ഷം രൂപയാണ് ഫോർട്ട്കൊച്ചി വെളി മൈതാനത്തെ മഴമരം അലങ്കരിക്കാൻ മാത്രം ഇക്കുറി ചെലവിട്ടിരിക്കുന്നത്. 4,500 ഓളം നീല ബൾബുകൾ, 100 ബോളുകൾ, 100 ക്ലേ മണികൾ, 50 നൂൽബോളുകൾ എന്നിവയെല്ലാം അലങ്കാരത്തിലുണ്ട്. നിയോൺ ബൾബ് ഘടിപ്പിച്ച 75 നക്ഷത്രങ്ങൾ ഇതിലുണ്ട്. 80 അടിയാണു മഴമരത്തിന്റെ ഉയരം. ഒരു മാസത്തോളം പശ്ചിമകൊച്ചിയിലെ ചെറുപ്പക്കാരുടെ സംഘം നിരന്തരമായി അധ്വാനിച്ചാണ് മഴമരത്തിൽ വിസ്മയക്കാഴ്ചകൾ ഒരുക്കുന്നതെന്നു സംഘാടകനായ പി.എസ്. സനോജ് പറയുന്നു. മറ്റ് ആഘോഷങ്ങളുടെ ചെലവ് വേറെയാണ്. നാല് ലക്ഷത്തോളം രൂപ വായ്പയെടുത്താണ് ഇക്കുറി കാർണിവൽ നടത്തുന്നതെന്നു മുൻ മേയറും കാർണിവൽ കമ്മിറ്റി അംഗവുമായ എം.ജെ. സോഹൻ പറഞ്ഞു. സംസ്ഥാന സർക്കാർ കാർണിവലിനു വേണ്ടത്ര പിന്തുണ നൽകുന്നില്ലെന്നും സോഹൻ പറഞ്ഞു.
പപ്പാഞ്ഞി കത്തിയാൽ പുതുവർഷം
പുതുവത്സരപ്പിറവിയിൽ പാശ്ചാത്യ രാജ്യങ്ങളിൽ പപ്പാഞ്ഞിയുടെ രൂപങ്ങളെ കത്തിക്കുന്ന പതിവാണ് സമാനരീതിയിൽ ഫോർട്ട്കൊച്ചിയിലും അനുവർത്തിച്ചിരിക്കുന്നത്. വർഷാവസാനം അരങ്ങേറിയ സംഭവവികാസങ്ങളെ പപ്പാഞ്ഞി പറയുന്ന രീതിയിൽ പദ്യരൂപേണ പറയുന്നതും ശേഷം കോലത്തിൽ അഗ്നി പകരുന്നതുമാണു വിദേശങ്ങളിൽ കാണുക. പക്ഷെ കൊച്ചിയിൽ അങ്ങനെയൊരു രീതിയില്ല.
50 അടിയുള്ള പപ്പാഞ്ഞിയെയാണ് കൊച്ചിൻ കാർണിവൽ കമ്മിറ്റി ഇക്കുറി ഒരുക്കിയിരിക്കുന്നത്.
കൊച്ചിക്ക് പുറത്തും പപ്പാഞ്ഞി
കൊച്ചിയിലെ പപ്പാഞ്ഞിപ്പെരുമയുടെ ചുവടു പിടിച്ച്, മറ്റു നാടുകളിലും പപ്പാഞ്ഞികൾ ഒരുക്കി പുതുവത്സര രാവിൽ കത്തിക്കുന്ന പതിവ് വ്യാപകമായിട്ടുണ്ട്. അടുത്തകാലത്ത് പ്രസിദ്ധമായ മലയാറ്റൂർ നക്ഷത്രത്തടാകവും അതിനോടനുബന്ധിച്ചുള്ള കൂറ്റൻ പപ്പാഞ്ഞിയെ കത്തിക്കലും ആഘോഷമാണ്. വിവിധ സ്ഥലങ്ങളിൽ സാംസ്കാരിക സംഘടനകളും ക്ലബുകളും പാപ്പാഞ്ഞിയെ അണിയിച്ചൊരുക്കുന്നതിനു പിന്നിലും കൊച്ചിയിലെ പപ്പാഞ്ഞിപ്പെരുമ തന്നെ.
കോടതി കയറിയ പപ്പാഞ്ഞി !
പപ്പാഞ്ഞിയെ കത്തിക്കുന്നതിലെ സുരക്ഷാപ്രശ്നം കോടതിയിലെത്തിയതോടെ, കർശന മാനദണ്ഡങ്ങളോടെയാണ് ഇക്കുറി ചടങ്ങുകൾ നടക്കുക. പപ്പാഞ്ഞിയുടെ ചുവട്ടിൽ നിന്നും 70 അടി അകലത്തിൽ സുരക്ഷാ ബാരിക്കേഡ് സ്ഥാപിക്കണമെന്നതുൾപ്പടെ ഉപാധികളുണ്ട്. വെളി ഗ്രൗണ്ടിനു പുറമേ, ഇക്കുറി പരേഡ് ഗ്രൗണ്ടിലും പപ്പാഞ്ഞിയെ കത്തിക്കാൻ കോടതി അനുവദിച്ചിട്ടുണ്ട്.
കൊച്ചി കാർണിവൽ കൊച്ചിയിൽ ഒരു സാമൂഹിക ഉത്സവമാണ്. ജാതിമത ഭേദമന്യേ സമൂഹത്തിലെ നാനാതുറകളിൽ നിന്നുള്ളവരും ഇതിൽ പങ്കാളികളാവും. കൊച്ചിക്കാരുടെ ഇടയിൽ നിലനിൽക്കുന്ന മതേതരത്വത്തിന്റെ കൂടി ആഘോഷമാണിത്.
പരിഹാരം തേടി പ്രശ്നങ്ങളും
കാർണിവലിന്റെ ഭാഗമാവാൻ ഫോർട്ട് കൊച്ചിയിലേക്ക് വിദേശികൾ ഉൾപ്പടെ മറുനാട്ടുകാർ നൂറുകണക്കിനെത്തും. പക്ഷെ വരുന്നവർക്ക് ആവശ്യമായ ശുചിമുറികൾ ഉൾപ്പടെ അടിസ്ഥാന സൗകര്യങ്ങൾ ഇവിടെ ആവശ്യത്തിനില്ല. വൃത്തിഹീനമായ തെരുവുകളും കാർണിവൽ പകിട്ടിന് മങ്ങലേൽപ്പിക്കുന്നു. പോലീസും സുരക്ഷാ കാമറകളുമെല്ലാം ആഘോഷരാവിൽ കൺതുറന്ന് സജീവമെങ്കിലും ആ കണ്ണുകൾ വെട്ടിച്ചും സാമൂഹ്യവിരുദ്ധരുടെ ശല്യമുണ്ടാകാറുണ്ടെന്നു പരാതിയുണ്ട്.
പപ്പാഞ്ഞി - മുത്തഛൻ
മുത്തഛൻ എന്നാണ് പപ്പാഞ്ഞി എന്ന പോർച്ചുഗീസ് വാക്കിന് അർഥം. പുതുവത്സരനാളിൽ രാത്രി പന്ത്രണ്ടുവരെ പപ്പാഞ്ഞിയുടെ മുന്പിൽ ആഘോഷങ്ങൾ. 12ന് പപ്പാഞ്ഞിയെ അഗ്നിക്കിരയാകും. അതോടെ പുതുവർഷപ്പുലരി. ഓരോ വർഷവും അണിയിച്ചൊരുക്കുന്ന പപ്പാഞ്ഞിയ്ക്കു വ്യത്യസ്ത ഭാവങ്ങളെങ്കിലും പപ്പാഞ്ഞിയോടുള്ള വൈകാരികമായ ബന്ധത്തിൽ കൊച്ചിക്കാർക്ക് ഒരേ മനസാണ്, ഒരേ ഭാവമാണ്.
കൊച്ചിൻ കാർണിവലിന്
ഇക്കുറി പപ്പാഞ്ഞിയെ
കത്തിക്കില്ല
ഫോർട്ട്കൊച്ചി: കൊച്ചി കാർണിവലിന് ഫോർട്ട്കൊച്ചി പരേഡ് ഗ്രൗണ്ടിൽ പപ്പാഞ്ഞിയെ സ്ഥാപിക്കുമെങ്കിലും കത്തിക്കില്ലെന്ന് കാർണിവൽ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗിന്റെ നിര്യാണത്തിൽ ഔദ്യോഗിക ദുഃഖാചരണം ഒന്നാം തീയതി വരെ നിലനിൽക്കുന്നതിനാൽ മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ തീയതികളിൽ മാറ്റം വരുത്തി നടത്തുമെന്നും സംഘാടകർ അറിയിച്ചു. ഒന്നാം തീയതി കാർണിവൽ റാലി നടത്തുന്നതിന് ജില്ലാ കളക്ടറുടെ പ്രത്യേക അനുമതി തേടും. ഇക്കാര്യത്തിൽ ഇന്ന് ജില്ലാ കളക്ടറെ കണ്ട് തീരുമാനമെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.