പച്ചക്കറി വ്യാപാരിയുടെ മാനേജരെ കത്തിക്ക് കുത്തി ലക്ഷങ്ങൾ തട്ടി
1490454
Saturday, December 28, 2024 5:48 AM IST
കാലടി: ബൈക്കിൽ പോവുകയായിരുന്ന പച്ചക്കറി വ്യാപാരിയുടെ മാനേജരെ ബൈക്കിലെത്തിയ സംഘം കുത്തി പരിക്കേല്പിച്ച് ലക്ഷങ്ങൾ കവർന്നു.
കാഞ്ഞൂർ സ്വദേശി കാഞ്ഞിരത്തിങ്കൽ വീട്ടിൽ തങ്കച്ചനെയാണ് കുത്തി പരിക്കേൽപ്പിച്ച് പണം കവർന്നത്. കാലടിയിലെ വി.കെ.ഡി വെജിറ്റബിൾസിലെ മാനേജരാണ് തങ്കച്ചൻ. ഇന്നലെ വൈകിട്ട് 5.30 ഓടെ ചെങ്ങൽ ബിഎസ്എൻഎൽ റോഡിലായിരുന്നു സംഭവം. കാലടിയിലെ ഇവരുടെ ഓഫീസിൽ നിന്ന് ഉടമയുടെ വീട്ടിലേക്ക് പോകുംവഴി രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ തങ്കച്ചൻ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുപത് ലക്ഷത്തോളം രൂപ ഉണ്ടായിരുന്നതായാണ് കണക്കാക്കുന്നത്.