നഗരസഭാ ജീവനക്കാർ കൈക്കൂലി വാങ്ങിയ കേസ്: ഒരാളെ പിരിച്ചുവിട്ടു, രണ്ടു പേർക്ക് സസ്പെൻഷൻ
1490453
Saturday, December 28, 2024 5:48 AM IST
പള്ളുരുത്തി: നഗരസഭാ ഹെൽത്ത് സർക്കിൾ ഓഫീസിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ സംഭവത്തിൽ ഒരു ജീവനക്കാരനെ പിരിച്ചുവിട്ടു, രണ്ടു പേരെ സസ്പെൻഡ് ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ ആർ.എസ്. മധു, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.എസ്. ഷാനു എന്നിവർക്കെതിരെയാണ് സസ്പെൻഷൻ നടപടി സ്വീകരിച്ചത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ജോലിയിൽ പ്രവേശിച്ച താത്കാലിക ശുചീകരണ ജീവനക്കാരനായ ജോണിനെ പിരിച്ചുവിട്ടു.
കേസിൽ റിമാൻഡിലായിരുന്ന മൂന്ന് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. ഇതിനിടെ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.എസ്. ഷാനുവിന തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലേക്ക് സ്ഥലം മാറ്റിയതായി കഴിഞ്ഞ ദിവസം നഗരസഭ ഉത്തരവിറക്കിയത് വിവാദമായിരുന്നു. ഇയാൾ സസ്പെൻഷനിലായതിനാൽ ജോലിയിൽ പ്രവേശിക്കാനാകില്ല.
സംഭവത്തിന് മുന്പ് തന്നെ ഇയാൾ സ്ഥലം മാറ്റത്തിന് അപേക്ഷ നൽകിയിരുന്നു. അതിന്റെ ഭാഗമായാണ് ലിസ്റ്റിൽ ഉൾപ്പെട്ടതെന്നും അതിൽ അസ്വാഭാവികതയില്ലെന്നും നഗരസഭ അധികൃതർ വ്യക്തമാക്കി.