ബ്ലൂടൂത്ത് സ്പീക്കറിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്ത്: പ്രതിക്ക് പത്തു വർഷം കഠിന തടവ്
1490452
Saturday, December 28, 2024 5:48 AM IST
പറവൂർ: മുംബൈയിൽ നിന്ന് ബ്ലൂടൂത്ത് സ്പീക്കറിൽ ഒളിപ്പിച്ച് കൊറിയർ വഴി മയക്കുമരുന്ന് കടത്തിയ കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും. ചെങ്ങമനാട് പുതുവശേരി നീലത്തു പള്ളത്ത് വീട്ടിൽ അജ്മലിനെയാണ് (27) 10 പറവൂർ രണ്ടാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വി. ജ്യോതി ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ ഒന്നര വർഷം വെറും തടവുകൂടി അനുഭവിക്കണം.
2022 സെപ്റ്റംബർ 16ന് അങ്കമാലിയിൽ വച്ചാണ് മാരക മയക്കുമരുന്നായ മെത്താംഫിറ്റാമിൻ ഹൈഡ്രോ ക്ലോറൈഡുമായി രണ്ടു പേർക്കൊപ്പം ഇയാൾ പിടിയിലായത്. പ്രതികളിൽ നിന്നു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലുവ കുട്ടമശേരിയിലുള്ള മറ്റൊരു കൊറിയർ സ്ഥാപനത്തിലേക്കും മയക്കുമരുന്ന് ഒളിപ്പിച്ച പാഴ്സൽ അയച്ചെന്ന വിവരം ലഭിക്കുകയും പരിശോധനയിൽ 201. 480 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുക്കുകയും ചെയ്തു. ഈ കേസിലാണ് ഇപ്പോൾ വിധിയുണ്ടായത്.
പലരിൽ നിന്നായി സംഘടിപ്പിച്ച ആധാർ കാർഡുകളും മൊബൈൽ സിം കാർഡുകളും ഉപയോഗിച്ചു വ്യാജ വിലാസം നൽകി മുംബൈയിൽ പല ഹോട്ടലുകളിൽ മാറിമാറി താമസിച്ചാണ് ഇയാൾ മയക്കുമരുന്ന് സംഘടിപ്പിച്ചിരുന്നത്. അതിനായി മൈക്ക് എന്ന പേരുള്ള വിദേശിയായ നൈജീരിയൻ സിം കാർഡ് ഉടമയെ ബന്ധപ്പെടുകയും മൈക്കിന് നെടുമ്പാശേരിയിൽ നിന്ന് പാഴ്സലുകൾ അയച്ചു കൊടുക്കുകയും ചെയ്തതായി പോലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു. പക്ഷെ അജ്മലിന് മയക്കുമരുന്ന് കൈമാറിയ വിദേശിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസിന് ഇതുവരെയും ലഭ്യമായില്ല.
മയക്കുമരുന്ന് പാഴ്സൽ അയയ്ക്കാൻ വ്യാജ മേൽവിലാസം ഉണ്ടാക്കുന്നതിനായി അജ്മൽ നെടുമ്പാശേരിയിൽ ഒരു അപ്പാർട്ട്മെന്റ് വാടകയ്ക്ക് എടുത്ത് താമസിക്കുകയും പാഴ്സൽ എത്തുന്നതിന് മുന്പ അപ്പാർട്ട്മെന്റ് ഒഴിയുകയും ചെയ്തു. അതെ അപ്പാർട്ടിമെന്റിൽ തന്നെ താമസക്കാരനായ സുഹൃത്തിന്റെ മേൽവിലാസം നൽകിയാണ് മയക്കുമരുന്ന് കേരളത്തിലേക്ക് ഇയാൾ പാഴ്സൽ ചെയ്യിപ്പിച്ചത്. എന്നാൽ പോലീസ് നടത്തിയ വിദഗ്ധ അന്വേഷണത്തിൽ അജ്മലിന്റെ പങ്ക് സംശയതീതമായി തെളിയിക്കാനായി. അജ്മൽ മുംബൈയിൽ താമസിച്ച ഹോട്ടലുകളിൽ നിന്നും കൊറിയർ സ്ഥാപനത്തിൽ നിന്നും തെളിവുകൾ പോലീസ് ശേഖരിച്ചിരുന്നു. ആ സ്ഥാപനത്തിലെ ജീവനക്കാരെ സാക്ഷികളായി വിസ്തരിക്കുകയും ചെയ്തു. കേസിൽ 28 സാക്ഷികളെ വിസ്തരിച്ചു.
ആലുവ ഈസ്റ്റ് പോലീസ് ഇൻസ്പെക്ടറായിരുന്ന അനിൽകുമാർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം.ബി. ഷാജി ഹാജരായി.