മുനന്പം: താമസക്കാരുടെ അവകാശങ്ങൾ ഉറപ്പാക്കുമെന്ന് മന്ത്രി രാജീവ്
1490451
Saturday, December 28, 2024 5:48 AM IST
വൈപ്പിൻ: മുനമ്പത്തെ ഭൂമി വഖഫ് ആണെങ്കിലും അല്ലെങ്കിലും അവിടുത്തെ താമസക്കാരുടെ നിയമപരമായ അവകാശങ്ങൾ ഉറപ്പുവരുത്തുമെന്ന് മന്ത്രി പി. രാജീവ്. പ്രശ്നം രമ്യമായി പരിഹരിക്കാൻ സംസ്ഥാന സർക്കാർ നടത്തിയ നീക്കങ്ങൾക്ക് എതിരേ നിലപാടെടുത്തവരാണ് ഇപ്പോൾ മുനമ്പം ജനതയുടെ സംരക്ഷകരായി രംഗത്തുവന്നിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മുനമ്പം ഭൂമി വിഷയത്തിൽ സിപിഎം നിലപാടും വസ്തുതകളും വ്യക്തമാക്കുന്നതിന് മുനമ്പം കടപ്പുറത്ത് സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മുനമ്പത്തെ ഭൂമി വഖ ഫ് ബോർഡിന്റേതാണെന്ന് പ്രഖ്യാപിച്ചത് യുഡിഎഫിന്റെ ഭാഗമായ മുസ്ലിം ലീഗിന്റെ പ്രമുഖ നേതാവായ പാണക്കാട് റഷീദലി തങ്ങൾ ആണെന്ന് മന്ത്രിചുണ്ടിക്കാട്ടി. നിയമവിരുദ്ധമായ കരാർ ഉണ്ടാക്കി ഈ ഭൂമി വില്പന നടത്തിയത് കെപിസിസി സെക്രട്ടറിയായിരുന്ന എം.വി. പോൾ ആയിരുന്നു. മുനമ്പത്ത് താമസക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് അവരിൽനിന്ന് കരം സ്വീകരിക്കാൻ സംസ്ഥാന സർക്കാർ നടപടി കൈക്കൊണ്ടപ്പോൾ അതിനെ അട്ടിമറിയായി വിശേഷിപ്പിക്കുകയും പ്രമേയം പാസാക്കുകയും ചെയ്തവർ ഈ വിഷയത്തിൽ ഇപ്പോൾ സർക്കാരിനെ കുറ്റംപറഞ്ഞ് രംഗത്തിറങ്ങിയിരിക്കുകയാണ്.
എന്തുതന്നെയായാലും മുനമ്പത്ത് 600 ൽ ഏറെ വരുന്ന കുടുംബങ്ങളുടെ നിയമപരമായ അവകാശങ്ങൾ ഉറപ്പുവരുത്തുന്ന കാര്യത്തിൽ സർക്കാറിന് ഉറച്ച നിലപാടാണ് ഉള്ളതെന്നും പി. രാജീവ് പറഞ്ഞു.
സിപിഎം ഏരിയ സെക്രട്ടറി എ.പി. പ്രിനിൽ അധ്യക്ഷത വഹിച്ചു. കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ. മുൻ മന്ത്രി എസ്. ശർമ, സിപിഎം ജില്ലാ സെക്രട്ടറി സി.എൻ, മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.