ആലങ്ങാട് കുടിവെള്ള ക്ഷാമം; എൻജിനീയറെ ഉപരോധിച്ചു
1490441
Saturday, December 28, 2024 5:48 AM IST
ആലങ്ങാട്: ആലങ്ങാട് പഞ്ചായത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ ജനപ്രതിനിധികൾ പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫിന്റെ നേതൃത്വത്തിൽ പറവൂർ വാട്ടർ അഥോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെ ചേംബറിൽ ഉപരോധിച്ചു.
കൊങ്ങോർപ്പിള്ളി, കരിങ്ങാംതുരുത്ത്, മേത്താനം, ഒളനാട്, തിരുമുപ്പം എന്നിവിടങ്ങളിൽ കഴിഞ്ഞ 16 ദിവസമായി വെള്ളം ലഭിക്കുന്നില്ലെന്ന് ഇവർ ആരോപിച്ചു. എൻജിനീയർ കെ.ജെ. തേരേസ സിനിയുമായി നടത്തിയ ചർച്ചയിൽ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഉടൻ കൈക്കൊള്ളുമെന്ന് ഉറപ്പുനൽകി. ഈ പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിന് പഞ്ചായത്ത് 3.80 ലക്ഷം രൂപ വാട്ടർ അഥോറിറ്റിയിൽ അടച്ചിരുന്നു.
ജൽജീവൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത് തന്നെ പൈപ്പുകകൾ മാറ്റുന്ന ജോലികൾ പൂർത്തിയാക്കാമെന്നും ജനപ്രതിനിധികൾക്ക് ഉറപ്പു നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
ജില്ലാ പഞ്ചായത്തംഗം കെ.വി. രവീന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത പുരുഷൻ, വി.ബി. ജബ്ബാർ, വിൻസന്റ് കാരിക്കശേരി, പി.ആർ. ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.