കാട്ടാന ആക്രമണം: കൊല്ലപ്പെട്ട എൽദോസിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ 24ന് കൈമാറും
1490431
Saturday, December 28, 2024 5:47 AM IST
കോതമംഗലം: കുട്ടന്പുഴ ഉരുളൻതണ്ണിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവുമായി ബന്ധപ്പെട്ട് ജില്ല കളക്ടറുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു.
കുട്ടന്പുഴ പഞ്ചായത്ത്് ഓഫീസിൽ ജില്ല കളക്ടർ എൻ.എസ്.കെ. ഉമേഷ്, ആന്റണി ജോണ് എംഎൽഎ., പഞ്ചായത്ത് പ്രസിഡന്റ്് കാന്തി വെള്ളക്കയ്യൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. സംഭവ ദിവസം നാട്ടുകാർക്ക് ഉറപ്പ് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങൾ യോഗം വിശദമായി ചർച്ച ചെയ്തു. പഞ്ചായത്തിലെ 12-ാം വാർഡ് പരിധിയിൽ അന്പത് തെരുവ് വിളക്കുകൾ അറ്റകുറ്റപ്പണി തീർത്ത് തെളിച്ചു. ഉരുളൻതണ്ണി-വലിയ ക്ണാച്ചേരി റോഡിൽ ഒന്നര കിലോമീറ്റർ പഴയ ഫെൻസിങ് അറ്റകുറ്റപ്പണി തീർത്ത് പുന:സ്ഥാപിച്ചു.
പിണവൂർകുടി, വെളിയത്തുപറന്പ് ഭാഗത്ത് ദിവസങ്ങൾക്ക് മുന്പ് തുടങ്ങിവച്ച ട്രഞ്ച് നിർമാണം മണ്ണിന്റെ നിരപ്പ് സംബന്ധിച്ച സാങ്കേതിക സർവെ പൂർത്തിയാക്കി, പണി ഉടൻ പുനരാരംഭിക്കും. പ്രദേശത്തെ ആർആർടിയുടെ സേവനം കാര്യക്ഷമാക്കും. മരിച്ച എൽദോസിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാര തുകയിൽ ബാക്കിയുള്ള അഞ്ച് ലക്ഷം രൂപ ജനുവരി 24ന് കൈമാറും.
സഹോദരീഭർത്താവിന് വനം വകുപ്പിൽ വാച്ചർ തസ്തികയിൽ ജോലി നൽകുന്ന കാര്യം പരിഗണിക്കാമെന്നും കളക്ടർ പറഞ്ഞു. മൂന്നാർ എസിഎഫ് ജെ. ജോബ് നെരിയാംപറന്പിൽ, തഹസിൽദാർ എം. മായ, പഞ്ചായത്ത് വൈസ്് പ്രസിഡന്റ് മേരി കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ. ഗോപി, പഞ്ചായത്ത്് സ്ഥിരം സമിതി ചെയർമാൻ കെ.എ. സിബി, പഞ്ചായത്തംഗങ്ങളായ പി.പി. ജോഷി, ബിനീഷ് നാരായണൻ, എൽദോസ് ബേബി, ഇ.സി. റോയ്, കുട്ടന്പുഴ സെന്റ് മേരീസ് പള്ളി വികാരി ഫാ.അരുണ് വലിയതാഴത്ത്, ഇൻഫാം ഡയറക്ടർ ഫാ. റോബിൻ പടിഞ്ഞാറെക്കുറ്റ്, വിവിധ സംഘടനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.