ലഹരിയ്ക്കെതിരേ ബോധവത്കരണം
1490428
Saturday, December 28, 2024 5:47 AM IST
കൂത്താട്ടുകുളം: ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാന്പിനോടനുബന്ധിച്ച് ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി നടന്നു.
കൂട്ടുകൂടി നാടുകാക്കാം എന്ന പേരിലുള്ള പ്രോജക്ടിന്റെ ഭാഗമായി എൻഎസ്എസ് വോളന്റിയേഴ്സിന്റെ നേതൃത്വത്തിൽ കൂത്താട്ടുകുളം കെഎസ്ആർടിസി സബ് ഡിപ്പോയിൽ എത്തിയ പൊതുജനങ്ങൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി. മൈമും, ഫ്ലാഷ് മോബും നടത്തി. തുടർന്ന് കൂത്താട്ടുകുളം നഗര ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ട്രാഫിക് ഐലൻഡുകളിൽ മർച്ചന്റ്സ് അസോസിയേഷൻ നട്ടുപിടിപ്പിച്ചിരിക്കുന്ന ചെടികൾക്കിടയിലെ കളകൾ പറിച്ച് വൃത്തിയാക്കി. ഇതോടൊപ്പം അലക്ഷ്യമായി കിടന്നിരുന്ന പ്ലാസ്റ്റിക് കടലാസുകളും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്തു.
ശുചീകരണ പ്രവർത്തനങ്ങളിൽ നഗരസഭാധ്യക്ഷ വിജയ ശിവൻ, വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ്, നഗരസഭാ സെക്രട്ടറി എസ്. ഷീബ തുടങ്ങിയവർ പങ്കാളികളായി. കഴിഞ്ഞ ദിവസങ്ങളിൽ വോളന്റിയേഴ്സിന്റെ നേതൃത്വത്തിൽ കൂത്താട്ടുകുളം കുടുംബാരോഗ്യ കേന്ദ്രത്തിലും, സബ് രജിസ്ട്രാർ ഓഫീസ്, വില്ലേജ് ഓഫീസ് പരിസരത്തും ശുചീകരണ പ്രവർത്തനങ്ങൾ നടന്നിരുന്നു. ഏഴു ദിവസങ്ങളിലായി നടന്നുവരുന്ന ക്യാന്പ് ഇന്നു സമാപിക്കും. പ്രോഗ്രാം ഓഫീസർ ജെയ്സണ് സെബാസ്റ്റ്യൻ, മറ്റ് അധ്യാപകരായ ചാക്കോച്ചൻ ജോസ്, ഹാഷ്മി മരിയ ജോണ് എന്നിവരാണ് നേതൃത്വം നൽകി വരുന്നത്.