മാരുതി ഷോറൂമിൽ തീപിടിത്തം; മൂന്നു കാറുകൾ കത്തിനശിച്ചു
1486303
Wednesday, December 11, 2024 8:27 AM IST
തലശേരി: നഗരമധ്യത്തിലെ മാരുതി ഷോറൂമിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് പുതിയ കാറുകൾ കത്തി നശിച്ചു. ഷോറൂമിന്റെ ഗ്രൗണ്ടിൽ പാർക്ക് ചെയ്ത കാറുകളാണ് കത്തിനശിച്ചത്. 35 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി അധികൃതർ പറഞ്ഞു.ഇന്നലെ പുലർച്ചെ 3.45 ഓടെയാണ് സംഭവം.
ചിറക്കര ഇൻഡക്സ് നക്സ ഷോറൂമിലെ ഗ്രാന്റ് വിറ്റാര, ബലേനോ തുടങ്ങിയ മൂന്ന് പുതിയ കാറുകളാണ് കത്തി നശിച്ചത്. തീപിടിത്തം കണ്ട വഴിയാത്രക്കാരൻ ഫയർ സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.വി. ദിനേശന്റെ നേതൃത്വത്തിൽ തലശേരി-പാനൂർ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള മൂന്ന് യൂണിറ്റ് ഒരു മണിക്കൂറെടുത്താണ് തീയണച്ചത്. ഗ്രൗണ്ടിൽ പാർക്ക് ചെയ്ത വാഹനങ്ങൾ കത്തിനശിച്ചത് ദുരൂഹതയുളവാക്കിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. ഷോർട്ട് സർക്യൂട്ട് ഉൾപ്പെടെയുള്ള സാധ്യതകൾ ഒന്നും പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.