ജില്ലയിലെ ആദ്യ നഗരവനം ഇരിട്ടിയിൽ സന്ദർശകർക്ക് തുറന്നു കൊടുത്തു
1485661
Monday, December 9, 2024 7:11 AM IST
ഇരിട്ടി: ജില്ലയിലെ ആദ്യത്തെ നഗരവനം ഇരിട്ടിയിൽ സന്ദർശകർക്കായി തുറന്നു കൊടുത്തു. കേന്ദ്ര സർക്കാരിന്റെ നഗർ വനം പദ്ധതിയിൽ ഉൾപ്പെടുത്തി ഇരിട്ടി -എടക്കാനം റോഡരികിൽ വള്ളിയാട് മൂന്നുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട പഴശി പദ്ധതിയുടെ ജലാശയക്കരയിലാണ് നഗരവനം ഒരുക്കിയത്. മൂന്ന് ഹെക്ടർ പ്രദേശമാണ് ആദ്യ ഘട്ടത്തിൽ നഗരവനമായി വികസിപ്പിച്ചിരിക്കുന്നത്.
ഇന്നലെ രാവിലെ നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ കെ. ശ്രീലത നഗരവനം സന്ദർശകർക്കായി തുറന്നു കൊടുത്തു. ഇരിട്ടി സിറ്റി ലയൺസ് ക്ലബ് നിർമിച്ച ടിക്കറ്റ് കൗണ്ടറിന്റെ ഉദ്ഘാടനം ലയൺസ് ക്ലബ് പ്രസിഡന്റ് നിതീഷ് ജോസഫ് നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു.
കൗൺസിലർമാരായ പി.രഘു, പി.പി. ജയലക്ഷ്മി, എം. സിന്ധു, ഹരിത കർമസമതി പ്രസിഡന്റ് പി.പി. അശോകൻ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി. സുരേഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.സി. സുമതി, നിതീഷ് ജോസഫ്, ജയിംസ് എന്നിവർ പ്രസംഗിച്ചു. മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്ക് 10 രൂപയും ആണ് പ്രവേശന ഫീസ്.