കുടുംബശ്രീ ജില്ലാ മിഷൻ ഹാപ്പി കേരളം ശില്പശാലക്ക് തുടക്കമായി
1486292
Wednesday, December 11, 2024 8:20 AM IST
കണ്ണൂർ: കേരളത്തിലെ ജനങ്ങളുടെ സന്തോഷ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ എഫ്എൻഎച്ച്ഡബ്ല്യൂ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഹാപ്പി കേരളം പരിപാടിയുടെ ത്രിദിന പരിശീലനം തുടങ്ങി. പിലാത്തറ യമുനാ തീരം റിസോർട്ടിൽ നടന്ന പരിശിലനം കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എം.വി. ജയൻ ഉദ്ഘാടനം ചെയ്തു.
സാമൂഹ്യപരമായും വ്യക്തിപരമായും ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ തിരിച്ചറിയുകയും അവയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനും വേണ്ടിയുള്ള കുടുംബതലസ്ഥിതി പഠനം, വിശകലനം, വിവിധ സാധ്യതകൾ കണ്ടെത്താൻ പദ്ധതി രൂപീകരണം എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ.
സമൂഹത്തിൽ തുല്യത, സാമ്പത്തീക സുസ്ഥിരത, പരിസ്ഥിതി ശുചിത്വം, കല, സാഹിത്യം കായികം മേഖലകളിൽ പ്രോത്സാഹനം മാനസീകാരോഗ്യം, പോഷകാഹാരം, ജനാധിപത്യ മൂല്യങ്ങൾ, സാമൂഹിക പങ്കാളിത്തം തുടങ്ങി വിവിധ മേഖലകളെ അടിസ്ഥാനമാക്കിയുള്ള പദ്ധതികളാണ് ഹാപ്പി കേരളം വഴി നടപ്പിലാക്കുന്നത്.
ജില്ലാ പ്രോഗ്രാം മാനേജർ കെ.സി. നീതു പദ്ധതി വിശദീകരണം നടത്തി. കരിവെള്ളൂർ പേരളം സിഡിഎസ് ചെയർ പേഴ്സൺ പി.വി. സുനിത അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓഡിനേറ്റർ കെ. വിജിത്ത്, ഡിപിഎം ജിബിൻ സ്കറിയ, ആർപിമാരായ ഗോപകുമാർ, മഹേഷ്, ബിന്ദു, സുധ എന്നിവർ പങ്കെടുത്തു.