ഉദ്ഘാടനത്തിന് തൊട്ടുമുന്പേ പിണറായിലെ കോൺഗ്രസ് ഓഫീസിന് തീയിട്ടു
1485652
Monday, December 9, 2024 7:11 AM IST
കൂത്തുപറമ്പ്: പിണറായി വെണ്ടുട്ടായിയിൽ ഉദ്ഘാടനം നടത്താൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കോൺഗ്രസ് ഓഫീസ് ആക്രമിച്ച് തീയിട്ടു. ഇന്നലെ വൈകുന്നേരം ഉദ്ഘാടന ചടങ്ങിനായി ഒരുക്കങ്ങൾ പൂർത്തിയാക്കിയ വെണ്ടുട്ടായി കാനാൽക്കരയിലെ പ്രിയദർശിനി സ്മാരക മന്ദിരത്തിനു നേരെയാണ് ആക്രമണം നടന്നത്.
ജനൽ ഗ്ലാസുകൾ അടിച്ചുതകർക്കുകയും വാതിലിന് തീകൊളുത്തുകയുമായിരുന്നു. ഇന്നലെ പുലർച്ചെയാണ് സംഭവം. ഉദ്ഘാടന ശിലാഫലകം വലിച്ചെറിഞ്ഞ നിലയിലാണ്.
ഉദ്ഘാടനത്തോടനുബന്ധിച്ച സമീപത്ത് അലങ്കരിച്ച തോരണങ്ങളും നശിപ്പിച്ചു. ഉദ്ഘാടനത്തിന്റെ ഒരുക്കങ്ങൾ പൂർത്തീകരിക്കുന്നതിനായി ശനിയാഴ്ച രാത്രി വരെ കോൺഗ്രസ് പ്രവർത്തകർ ഇവിടുണ്ടായിരുന്നു. ഇവർ പോയതിനു ശേഷമായിരിക്കാം ആക്രമണം നടന്നതെന്ന് കരുതുന്നു. ഇന്നലെ പുലർച്ചെയാണ് സംഭവമറിയുന്നത്.
പിണറായി എസ്ഐ ബാവിഷിന്റെ നേതൃത്വത്തിൽ പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
അതേ സമയം ഇന്നലെ വൈകുന്നേരം സ്ഥലത്തെത്തി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു.