റബർ കർഷകരോട് കേന്ദ്രം പക പോക്കുന്നു: കേരള കോൺഗ്രസ്-എം
1485397
Sunday, December 8, 2024 6:47 AM IST
കണ്ണൂർ: ഉദാരമായ ഇറക്കുമതി നയങ്ങൾ നടപ്പാക്കി കേന്ദ്ര സർക്കാർ റബർ കർഷകരോട് പകപോക്കുകയാണെന്ന് കേരളാ കോൺഗ്രസ്-എം ജില്ലാ കമ്മിറ്റി. രാഷ്ട്രീയ വിജയം കൈവരിക്കാൻ കഴിയാത്ത സംസ്ഥാനങ്ങളെ പലവിധത്തിലാണ് കേന്ദ്രം ദ്രോഹിക്കുന്നത്. കേരളത്തെ സാമ്പത്തികമായി വരിഞ്ഞു മുറുക്കി വികസന പദ്ധതികളെ തുരങ്കം വയ്ക്കാനുള്ള ശ്രമവും നടത്തി വരികയാണ്.
കേരളത്തിലെ റബർ കർഷകരിൽ 95 ശതമാനവും ചെറുകിട, ഇടത്തരം കർഷകരാണ്. റബർ കൃഷി ഇല്ലാതാവുന്നത് അവരുടെയും നാടിന്റെയും സമ്പദ്ഘടനയെ സാരമായി ബാധിക്കും. വിവിധ കാർഷിക വിളകളുടെ ഉത്പാദനം ആരംഭിക്കുവാൻ പോകുന്ന സാഹചര്യത്തിൽ കശുവണ്ടി ഉൾപ്പടെയുള്ള ഉത്പന്നങ്ങൾക്ക് ന്യായ വില ഉറപ്പാക്കാനുള്ള നടപടി സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ അധ്യക്ഷത വഹിച്ചു.
ജോയിസ് പുത്തൻപുര, മാത്യു കുന്നപ്പള്ളി, സജി കുറ്റിയാനിമറ്റം, കെ.ടി. സുരേഷ്കുമാർ, തോമസ് മാലത്ത്, വി.വി. സേവി, സി.എം. ജോർജ്, മാത്യു പുളിക്കക്കുന്നേൽ, മാത്യു കാരിത്താങ്കൽ, ജയിംസ് മരുതാനിക്കാട്ട്, വിപിൻ തോമസ്, ബിജു പുതുക്കള്ളി, ഡെന്നി കാവാലം,ഡോ. ജോസഫ് തോമസ്, വർക്കി വട്ടപ്പാറ,ജോർജ് മാത്യു, ജയ്സൺ ജീരകശേരി, എ.കെ. രാജു എന്നിവർ പ്രസംഗിച്ചു.