സ്വകാര്യ ബസ് പണിമുടക്ക് ജില്ലയില്‍ പൂര്‍ണം; വലഞ്ഞ് ജനം
1486288
Wednesday, December 11, 2024 8:20 AM IST
കണ്ണൂര്‍: ഏകപക്ഷീയമായി പോലീസ് പീഡിപ്പിക്കുന്നതിനെതിരേ ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത സ്വകാര്യ ബസ് പണിമുടക്ക് പൂര്‍ണം. ജില്ലയിലെ എണ്ണൂറോളം വരുന്ന സ്വകാര്യ ബസുകളും പണിമുടക്കിൽ പങ്കെടുത്തു. സ്വകാര്യ ബസുകള്‍ പൂര്‍ണമായും പണിമുടക്കിയതോടെ വലഞ്ഞത് ജനങ്ങളാണ്.
ഇന്നലെ രാവിലെയും വൈകുന്നേരവും ജോലിക്കെത്താനും തിരിച്ച് പോകാനും ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടി. രാവിലെ ബസ് സ്റ്റോപ്പുകളില്‍ വിദ്യാര്‍ഥികളുടേത് ഉള്‍പ്പെടെ വലിയ തിരക്കായിരുന്നു. പലരും ബസ് സമരം അറിയാതെയാണ് രാവിലെ തന്നെ ബസ് സ്റ്റോപ്പുകളിലെത്തിയത്. പരീക്ഷ നടക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ സ്കൂളിലേക്ക് പോകാൻ വാഹനം ലഭിക്കാതെ പാടുപെട്ടു. രാവിലെ കെഎസ്ആര്‍ടിസി ബസുകളില്‍ തിക്കികയറിയായിരുന്നു പലരുടെയും യാത്ര. പണിമുടക്കിനെ തുടര്‍ന്ന് ഇന്നലെ ജില്ലയില്‍ കെഎസ്ആര്‍ടിസി അധിക സര്‍വീസ് നടത്തിയത് ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ആശ്വാസമായി.
കണ്ണൂര്‍-പയ്യന്നൂര്‍, കണ്ണൂര്‍-ഇരിട്ടി, തലശേരി-ഇരിട്ടി, കണ്ണൂര്‍-കൂത്തുപറമ്പ് എന്നിവിടങ്ങളിലേക്കാണ് കൂടുതല്‍ സര്‍വീസ് നടത്തിയത്. പയ്യന്നൂര്‍ റൂട്ടില്‍ ഓരോ പത്ത് മിനിറ്റ് കൂടുമ്പോഴും സര്‍വീസ് നടത്തി. കെഎസ്ആര്‍ടിസി സര്‍വിസ് ഇല്ലാത്ത റൂട്ടുകളില്‍ യാത്രക്കാര്‍ വളരെയേറെ ബുദ്ധിമുട്ടി. ഗ്രാമപ്രദേശങ്ങളില്‍ നിന്ന് ഓട്ടോകളിലും മറ്റ് സമാന്തര സർവീസുകളിലുമാണ് പലരും ജോലി സ്ഥലത്തെത്തിയത്. സ്വകാര്യ വാഹനങ്ങൾ കൂടുതലായി നിരത്തിലിറങ്ങിയതോടെ പല സ്ഥലങ്ങളിലും രാവിലെയും വൈകുന്നേരവും ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു.
സത്യാവസ്ഥയറിയാതെ ഫോട്ടോ എടുത്ത് അമിതമായി ഫൈന്‍ ഈടാക്കി പീഡിപ്പിക്കുന്ന നടപടിക്കെതിരെ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരുവിധത്തിലുള്ള അനുകൂല തീരുമാനങ്ങളും ഉണ്ടാവാത്തതിലാണ് പണിമുടക്കിലേക്ക് കടന്നതെന്ന് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
പ്രശ്നത്തിന് പരിഹാരമായില്ലെങ്കില്‍ 18 മുതല്‍ അനിശ്ചിത കാലത്തേക്ക് സര്‍വിസ് നിര്‍ത്തിവയ്ക്കാനും തീരുമാനമെടുക്കുമെന്ന് കണ്ണൂര്‍ ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
മലയോരത്തും ജനം വലഞ്ഞു
ശ്രീകണ്ഠപുരം: സ്വകാര്യ ബസ് സൂചനാ പണിമുടക്ക് മലയോരത്തും പൂർണം. കെഎസ്ആർടിസി ചുരുക്കം ചില സർവീസുകൾ നടത്തിയിരുന്നു. ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാന പാതയിൽ ഇരിക്കൂർ, ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡുകളിൽ യാത്രക്കാർ കുറവായിരുന്നു. പരീക്ഷയായതിനാൽ വിദ്യാർഥികളാണ് കൂടുതൽ ബുദ്ധിമുട്ടിയത്. ബദൽ സംവിധാനം വഴിയാണ് പലരും സ്കൂളിലെത്തിയത്.
ഇരിക്കൂർ ബസ് സ്റ്റാൻഡ് വിജനമായിരുന്നു. ശ്രീകണ്ഠപുരം വഴി ചുരുക്കം റൂട്ടിൽ കെഎസ്ആർടിസി സർവീസ് നടത്തി. സ്വകാര്യ ബസുകൾ പൂർണമായും പണി മുടക്കി. ശ്രീകണ്ഠപുരത്ത് നിന്നും പയ്യാവൂരിലേക്കും തളിപ്പറമ്പിലേക്കും കെഎസ്ആർടിസി സർവീസ് നടത്തിയെങ്കിലും യാത്രക്കാർ കുറവായിരുന്നു. വള്ളിത്തോട് ചെറുപുഴ സംസ്ഥാന പാതയിലെ പയ്യാവൂർ ബസ് സ്റ്റാൻഡിലും യാത്രക്കാർ കുറവായിരുന്നു. വ്യാപാര സ്ഥാപനങ്ങളിലും ആൾക്കാർ കുറവായിരുന്നു. ഓട്ടോ ടാക്സികൾ സർവീസ് നടത്തി.
പ്രതിഷേധ മാർച്ച് നടത്തി
സ്വകാര്യ ബസ് പണിമുടക്കിന്റെ ഭാഗമായി ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ മാർച്ച് നടത്തി.
കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ രാജ്കുമാര് കരുവാരത്ത്, കണ്വീനന് കെ. ഗംഗാധരന്, ജോയിന്റ് കണ്‍വീനര്‍ കെ. വിജയന്, പി.കെ. പവിത്രന്, കെ.പി. മുരളി, ടി.എം. സുധാകരന് എന്നിവർ പ്രസംഗിച്ചു.