നിയമന വിവാദം: കണ്ണൂര്‍ ഡിസിസിയും എം.കെ. രാഘവനും ഏറ്റുമുട്ടലിലേക്ക്
1486305
Wednesday, December 11, 2024 8:28 AM IST
സ്വന്തം ലേഖകൻ
കണ്ണൂര്‍: മാടായി കോളജ് നിയമന വിവാദത്തില്‍ കണ്ണൂര്‍ ഡിസിസിയും എം.കെ. രാഘവന് എംപിയും ഏറ്റുമുട്ടലിലേക്ക്. നിയമനത്തില്‍ വീഴ്ച സംഭവിച്ചെന്ന് വിലയിരുത്തി ഡിസിസി നേതൃത്വം കെപിസിസിയെ രേഖാമൂലം അതൃപ്തി അറിയിച്ചു. എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിയമനമെന്നും പാര്‍ട്ടിക്കുള്ളിലെ ചിലര്‍ നടത്തുന്ന നീക്കങ്ങളെ അതിജീവിക്കുമെന്നും എം.കെ. രാഘവന് പ്രതികരിച്ചു.
രാഘവന് പ്രസിഡന്റായ സഹകരണ സൊസൈറ്റിക്കു കീഴിലെ മാടായി കോളജിലെ നാല് അനധ്യാപക തസ്തികളിലെ നിയമനവുമായി ബന്ധപ്പെട്ടാണ് കണ്ണൂര്‍ ഡിസിസിയും എം.കെ. രാഘവന് എംപിയും തമ്മില്‍ ഭിന്നത ഉടലെടുത്തത്. ബന്ധുവായ ഒരാളടക്കം രണ്ടു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് നിയമനം നല്‍കിയതില്‍ എംപിക്ക് വീഴ്ചപറ്റിയെന്നും സാധ്യമായ നടപടികള്‍ എടുത്തുവെന്നും കെപിസിസിക്കയച്ച കത്തില്‍ ഡിസിസി നേതൃത്വം വ്യക്തമാക്കി.
എന്നാല്‍ നിയമനം സംബന്ധിച്ച കാര്യങ്ങളെല്ലാം ഡിസിസി പ്രസിഡന്റിനെ അറിയിച്ചതാണ്. ഭരണസമിതി അംഗങ്ങളെ സസ്പെന്‍ഡ് ചെയ്യും മുന്‍പ് തന്നോട് കൂടിയാലോചിച്ചില്ലെന്നാണ് എം.കെ. രാഘവന് എംപിയുടെ ആരോപണം.
നിയമനത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് കുറ്റപ്പെടുത്തി സൊസൈറ്റി വൈസ് പ്രസിഡന്റ് അടക്കം അഞ്ചു ഡയറക്ടര്‍മാരെ കഴിഞ്ഞ ദിവസം ഡിസിസി സസ്പെന്റ് ചെയ്തിരുന്നു.
ഈ നടപടി തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും നിയമനം ലഭിക്കാത്ത ചിലരെ കോണ്‍ഗ്രസുകാര്‍തന്നെ ഇളക്കിവിട്ട് വ്യക്തിഹത്യ നടത്തുകയാണെന്നും എം.കെ. രാഘവന് പറഞ്ഞു.
സ്ഥാപനത്തെ തകര്‍ക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നുവെന്നും കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചാല്‍ വിട്ടുനല്‍കുമെന്നും എംപി വ്യക്തമാക്കി. വിവാദം കെപിസിസി പ്രസിഡന്റിന്റെ തട്ടകമായ കണ്ണൂരില്‍ ഗ്രൂപ്പ് പോരിനും വഴി തുറന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ പ്രാദേശിക പ്രതിഷേധങ്ങളെ കണ്ടില്ലന്ന് നടിക്കാനാവില്ലെന്നാണ് ഡിസിസി നിലപാട്.
പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ആസൂത്രിത ഗൂഢാലോചനയുണ്ടന്നാണ് എം.കെ രാഘവന് പറയുന്നത്. കെപിസിസി അധ്യക്ഷന്റെ സ്വന്തം ജില്ലയില്‍ നിന്നുയരുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ കെ. സുധാകരന് തന്നെയെന്ന പരോക്ഷ സൂചനയും നല്കുന്നു.
കെപിസിസി ഇടപെടല്‍ നിര്‍ണായകം
ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ബന്ധുവിന് നിയമനം നല്‍കിയെന്ന ആരോപണത്തില്‍ കെപിസിസി നിലപാട് നിര്‍ണായകം. ഡിസിസി ആദ്യമെടുത്ത നിലപാട് മാറ്റി പ്രാദേശിക പ്രവര്‍ത്തകരുടെ വികാരത്തിനൊപ്പം നിന്നതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലെന്ന് വ്യക്തമായി.
ഇന്റവ്യൂവിന് എത്തിയ എംപിയെ തടഞ്ഞ പ്രവര്‍ത്തകര്‍ക്കെതിരെ ആദ്യം അച്ചടക്ക നടപടിയെടുത്ത കോണ്‍ഗ്രസ് ജില്ലാ നേതൃത്വം നിലപാടില്‍ മാറ്റംവരുത്തിയത് ഭരണസമിതി അംഗങ്ങളായ പാര്‍ട്ടി ചുമതലയുള്ളവരെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്താണ്. ഭരണസമിതി അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കുമ്പോള്‍ ഈ ഭരണസമിതിയുടെ തലവനായ എംപിക്കെതിരെ നടപടിയില്ലേ എന്ന ചോദ്യവും ഉയരുന്നു.
കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗമായ എം.കെ. രാഘവനെതിരെ നടപടിയെടുക്കാന്‍ ഡിസിസിക്ക് കഴിയില്ല. കെപിസിസി പ്രസിഡന്റിന്റെ നിലപാടാണ് ഇനി നിര്‍ണായമാകുക. നിയമനം നേടിയവര്‍ പ്രതിഷേധത്തിനിടെ കഴിഞ്ഞ ദിവസം കോളജില്‍ ചുമതലയേറ്റു. ഇവര്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയില്‍ അംഗങ്ങളായി.
‘കോഴനിയമനം' എം.കെ. രാഘവനെതിരേ യൂത്ത് കോൺഗ്രസ് നേതാവ്
കണ്ണൂര്‍: മാടായി കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളജിലെ നിയമന വിവാദത്തില്‍ കോഴ ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്. ചെയര്മാന് എം.കെ. രാഘവന് എംപി, വൈസ് ചെയര്മാന് കെ.കെ. ഫല്ഗുനന് എന്നിവര്‍ക്കെതിരേയാണ് അഭിമുഖത്തില്‍ പങ്കെടുത്ത കുഞ്ഞിമംഗലം സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് മാടായി ബ്ലോക്ക് വൈസ് പ്രസിഡന്റുമായ ടി.വി നിധീഷ് രംഗത്തെത്തിയത്.
10 ലക്ഷത്തിലേറെ രൂപ വാങ്ങിയാണ് എം.കെ. ധനേഷ്, ഭരത് ഡി.പൊതുവാള് എന്നിവരെ നിയമിച്ചത്. ഇതില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ധനേഷ്, എം.കെ. രാഘവന്റെ ബന്ധുവാണ്. ഏഴിനു നടന്ന ഇന്റര്‍വ്യൂ പ്രഹസനമായിരുന്നെന്നും ഇക്കാര്യം വ്യക്തമാക്കി അന്നുതന്നെ ബന്ധപ്പെട്ടവര്‍ക്കു പരാതി നല്‍കിയെന്നും നിധീഷ് പറയുന്നു.
10 ലക്ഷം രൂപ അഡ്വാന്‍സായും ബാക്കി അഞ്ചുലക്ഷം ജോലിയില്‍ പ്രവേശിച്ച ശേഷവും നല്‍കണമെന്നായിരുന്നു വ്യവസ്ഥ. ഇക്കഴിഞ്ഞ ശനിയാഴ്ച നടന്ന അഭിമുഖത്തിന്റെ റാങ്ക്ലിസ്റ്റ് പോലും പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ഒമ്പതിനു രാവിലെ എട്ടിന് മുമ്പ് കോളജ് തുറന്ന് ധനേഷിന്റെയും ഭരതിന്റെയും നിയമനം ധൃതിപ്പെട്ട് നടത്തുകയായിരുന്നുവെന്നും നിധീഷ് ആരോപിക്കുന്നു. നിയമനവുമായി ബന്ധപ്പെട്ട് എം.കെ. രാഘവന്റെ പ്രതികരണങ്ങളില്‍ പലതും അവാസ്തവമാണെന്നും അദ്ദേഹം ആരോപിച്ചു.