വ്യാജ ബയോ ഉത്പന്നങ്ങൾക്കെതിരേ ജാഗ്രത വേണം
1486293
Wednesday, December 11, 2024 8:20 AM IST
കണ്ണൂർ: വ്യാജ ബയോ ഉത്പന്നങ്ങൾ വാങ്ങി വ്യാപാരികൾ വഞ്ചിതരാകരുതെന്ന് ജില്ലാ ശുചിത്വ മിഷൻ. ബയോ ഉത്പന്നങ്ങളിൽ പതിച്ചിരിക്കുന്ന ക്യൂആർ കോഡ് സ്കാൻ ചെയ്താൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ സാക്ഷ്യപത്രമാണ് ലഭിക്കേണ്ടത്. ഇതിന് പകരം ടെസ്റ്റ് റിപ്പോർട്ട്, തമിഴ്നാട് ന്യൂസ് പ്രിന്റ് സൊസൈറ്റിയും സർട്ടിഫിക്കറ്റ് മറ്റ് സംസ്ഥാനങ്ങളിലെ മലിനീക രണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ് തുടങ്ങിയവയാണ് വ്യാജ ഉത്പന്നങ്ങളുടെ ക്യൂആർ കോഡ് സ്കാൻ ചെയ്യുമ്പോൾ ലഭിക്കുക.
സ്വച്ഛ് ഭാരത് മിഷന്റെയും ശുചിത്വ മിഷന്റെയും ലോഗോയും അനുമതിയില്ലാതെ ഇത്തരം ഉത്പന്നങ്ങളുടെ പുറത്ത് പതിച്ചിരിക്കുന്നതായും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ബയോ ഉത്പന്നങ്ങളുടെ പുറത്ത് ഇംഗ്ലീഷിലും മലയാളത്തിലും "ഞാൻ പ്ലാസ്റ്റിക് അല്ല' എന്ന രേഖപ്പെടുത്തലും ഉണ്ടായിരിക്കണം.
ബയോ ക്യാരി ബാഗുകളിൽ ഇതിനുപുറമെ ഡൈക്ലോറോമീഥൈനിൽ ലയിക്കുന്നതാണെന്നു കൂടി രേഖപ്പെടുത്തിയിരിക്കണം. ചില വ്യാജ ഉത്പന്നങ്ങളിൽ പ്രമുഖ കമ്പനികളുടെ പേരിലുള്ള വ്യാജ ക്യുആർ കോഡ് ഉപയോഗിച്ച സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ദിവസേന വാഹനങ്ങളിൽ വന്ന് പ്രാദേശികമായി കവറുകൾ വിതരണം ചെയ്യുന്നവരാണ് ഇത്തരം വ്യാജ ഉത്പന്നങ്ങൾക്ക് പിറകിൽ ഇക്കാര്യത്തിൽ വ്യാപാരികൾ ജാഗ്രത പാലിക്കേണ്ടതാണെന്നും അറിയിച്ചു.