മരിയൻ തീർഥാടനം പരിശുദ്ധ അമ്മയോടുള്ള സ്നേഹം വെളിപ്പെടുത്തുന്നു: മാർ ജോസഫ് പാംപ്ലാനി
1485390
Sunday, December 8, 2024 6:47 AM IST
ചെമ്പേരി: വിശ്വാസികൾക്ക് പരിശുദ്ധ അമ്മയോടുള്ള സ്നേഹം വെളിപ്പെടുത്തുന്നതാണ് മരിയൻ തീർഥാടനമെന്ന് തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. അതിരൂപതയുടെ ആഭിമുഖ്യത്തിൽ വിവിധ ഫൊറോനകളിൽനിന്ന് ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിലേക്ക് നടത്തിയ മരിയൻ തീർഥാടന യാത്രയിൽ പങ്കെടുത്തവർക്കായി അർപ്പിച്ച ദിവ്യബലിയിൽ സന്ദേശം നൽകുകയായിരുന്നു ആർച്ച്ബിഷപ്.
ഈശോയുടെ അമ്മയായ പരിശുദ്ധ മാതാവിനെ സ്വന്തം അമ്മയായി ഭവനത്തിൻ സ്വീകരിക്കുകയാണ് ഓരോ ക്രൈസ്തവനും ജീവിതത്തിൽ ചെയ്യേണ്ടത്. പരിശുദ്ധ അമ്മയോടുള്ള സ്നേഹം ഇടവകകളിലെ കൂട്ടായ്മയുടെ പ്രതീകമായിരിക്കുമെന്നും ആർച്ച്ബിഷപ് മാർ പാംപ്ലാനി പറഞ്ഞു.
അതിരൂപതയിലെ വിവിധ ഫൊറോനകളിൽ നിന്ന് കാൽനടയായി തീർഥാടന യാത്രയിൽ പങ്കെടുത്ത പതിനായിരക്കണക്കിന് വിശ്വാസികൾക്കൊപ്പം അവർക്ക് നേതൃത്വം നൽകിയ അതിരുപത ചാൻസലർ, വികാരി ജനറാൾമാർ, ഫൊറോന, ഇടവക വികാരിമാർ എന്നിവർക്കും ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി പ്രത്യേക നന്ദി അറിയിച്ചു. ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് ആമുഖ പ്രഭാഷണം നടത്തി. ആഘോഷമായ വിശുദ്ധ കുർബാനയിൽ ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം, വികാരി ജനറാൾമാരായ മോൺ. ആന്റണി മുതുകുന്നേൽ, മോൺ.സെബാസ്റ്റ്യൻ പാലാക്കുഴി, മോൺ.മാത്യു ഇളംതുരുത്തിപ്പടവിൽ, അതിരൂപത ജുഡീഷ്യൽ വികാരി റവ.ഡോ.ജോസ് വെട്ടിക്കൽ, പേരാവൂർ ആർക്കി എപ്പിസ്കോപ്പൽ പള്ളി ആർച്ച്പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറിയിൽ എന്നിവർ സഹകാർമികരായിരുന്നു.
മരം കോച്ചുന്ന തണുപ്പും മഞ്ഞും അവഗണിച്ച് പതിനായിരങ്ങളാണ് പ്രഥമ മരിയൻ തീർഥാടനത്തിൽ കാൽനടയായി പങ്കെടുത്തത്. വെള്ളിയാഴ്ച രാത്രി എട്ടിന് എടൂരിൽ നിന്ന് ആരംഭിച്ച കാൽനട തീർഥാടനത്തിൽ നാലായിരത്തോളം പേരാണ് പങ്കെടുത്തത്. ആലക്കോട് ഫൊറോനയിൽ നിന്നാരംഭിച്ച തീർഥാടനത്തിൽ മൂവായിരത്തോളം പേരും പങ്കെടുത്തു. വായാട്ടുപറന്പ്, ചെന്പന്തൊട്ടി, പൈസക്കരി, മണിക്കടവ്, നെല്ലിക്കാംപൊയിൽ, കുന്നോത്ത് ഫൊറോനകളിൽ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികൾ കൂടി ചെന്പേരിയിൽ സംഗമിച്ചപ്പോൾ ലൂർദ് മാതാ ബസിലിക്ക അങ്കണം ജനസാഗരമായി.
റാലിയിൽ പങ്കെടുത്ത വിശ്വാസികൾക്ക് ബസിലിക്ക അങ്കണത്തിൽ പ്രഭാത ഭക്ഷണം ക്രമീകരിച്ചിരുന്നു. സഞ്ചരിച്ച വഴികളിലെല്ലാം കുടിവെള്ളം കട്ടൻകാപ്പിയും ഒരുക്കിയാണ് ആളുകൾ വിശ്വാസ സമൂഹത്തെ വരവേറ്റത്. ക്ലേശകരമായ വഴിയാത്രയിൽ സജീവമായി പങ്കെടുത്ത പതിനായിരങ്ങൾ ചെന്പേരി ബസിലിക്കയുടെ മുറ്റത്തെത്തി വിശുദ്ധ കുർബാനയിലും നേർച്ച ഭക്ഷണത്തിലും പങ്കാളികളായി.