വന്യജീവികളോട് തോൽക്കാൻ മനസില്ല
1486301
Wednesday, December 11, 2024 8:27 AM IST
പെരുമ്പടവ്: വന്യജീവി ശല്യത്തില്‍ പൊറുതിമുട്ടി വിലപിക്കുന്ന മലയോര കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്കി പെരുമ്പടവിലെ ഷാജി കപ്പൂർ. വന്യജീവികള്‍ കൃഷി നശിപ്പിക്കുന്നത് തടയാന്‍ പറമ്പിൽ 'ട്രൂ വ്യൂ' എന്ന ഉപകരണം സ്ഥാപിച്ചാണ് ഷാജി എന്ന കര്‍ഷകന്റെ പ്രതിരോധം.
ഒരു ഏക്കർ പറമ്പിന്റെ ചുറ്റളവിൽ വന്യമൃഗങ്ങൾ എത്തിയാൽ ഷാജിയുടെ ഫോണിൽ സന്ദേശം എത്തും. തുടർന്ന് പറമ്പിൽ സ്ഥാപിച്ചിരിക്കുന്ന സ്പീക്കറിലൂടെ ശബ്ദം പുറപ്പെടുവിച്ച് വന്യമൃഗങ്ങളെ ഓടിക്കാൻ സാധിക്കും. തീർന്നില്ല അനുവാദം കൂടാതെ കൃഷിയിടത്തിൽ പ്രവേശിക്കുന്നവരോട് വീട്ടിലിരുന്ന് സംസാരിക്കാ നും അവരുടെ മറുപടി കേൾക്കാനും ഷാജിക്ക് സാധിക്കും.
രാത്രി മുഴുവൻ കൃഷിയിടത്തിലും പരിസര ത്തും വെളിച്ചം നിലനിർത്താൻ കഴിയുന്നതും ഈ ഉപകരണത്തിന്റെ പ്രത്യേകതയാണ്. വൈദ്യുത കണക്ഷൻ ഇല്ലാത്ത കൃഷിയിടത്തിൽ മോട്ടോർ വാഹനങ്ങളിൽ ഉപയോഗിക്കുന്ന ബാറ്ററിയിൽ നിന്നു വൈദ്യുതി എടുത്താണ് ഉപകരണം പ്രവർത്തിപ്പിക്കുന്നത്.
ഒരു പരിധി വരെ വന്യജീവികളെ തുരുത്തുന്നതില്‍ വിജയിച്ചിരിക്കുകയാണ് ഈ കര്ഷകന്. മലയോര മേഖലയിൽ ഏറ്റവും അധികം കാട്ടുപന്നി ശല്യം നേരിടുന്ന പ്രദേശങ്ങളിൽ ഒന്നാണ് പെരുമ്പടവ്. ഇവിടെ വന്യജീവി ശല്യം മൂലം പലരും മനംമടുത്ത് കൃഷി ഉപേക്ഷിക്കുന്ന കാലത്താണ് വന്യജീവി കളോട് പോരാടി കൃഷി നടത്തി ഷാജി മാതൃകയാകുന്നത്. വന്യമൃഗ ശല്യത്തിന് പരിഹാരം തിരഞ്ഞ് യൂട്യൂബിൽ ഷാജി നടത്തിയ അന്വേഷണമാണ് ഇത്തരത്തിലൊരു സാങ്കേതിക വിദ്യയിലേക്ക് നയിച്ചത്.
പറമ്പിന്റെ പരിസരത്ത് വന്യമ്യഗങ്ങൾ എത്തുന്ന ചിത്രം ഉപകരണത്തിൽ നിന്ന് ലഭിക്കാറുണ്ടെങ്കിലും കഴിഞ്ഞ ഒന്നര വർഷമായി തന്റെ കൃഷിയിടത്തിൽ വന്യജീവികള്‍ കയറുന്നില്ലെന്നാണ് ഷാജി പറയുന്നത്. ഉപകരണത്തിലേക്ക് വൈദ്യുതി എത്തിക്കുന്നതാണ് ഒരു പ്രതിസന്ധിയായി കാണുന്നത്. അതിനാൽ ഇത് പൂർണമായും സോളാറിൽ പ്രവർത്തിക്കുന്ന തരത്തിലേക്ക് മാറ്റാൻ ഒരുങ്ങുകയാണ് ഷാജി.
ഷെൽമോൻ പൈനാടത്ത്