എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം: പ്രതിഷേധ സംഗമം നടത്തി
1485793
Tuesday, December 10, 2024 6:02 AM IST
ചെമ്പന്തൊട്ടി: കേരളത്തിലെ എയ്ഡഡ് സ്കൂളുകളിലെ സ്ഥിരനിയമനം ലഭിച്ച അധ്യാപകർക്ക് ഭിന്നശേഷി സംവരണ പ്രശ്നം ഉന്നയിച്ച് താത്കാലികമായി ദിവസവേതന അടിസ്ഥാനത്തിൽ ശമ്പളം നല്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് കാത്തലിക്ക് ടിച്ചേഴ്സ് ഗിൽഡ് ചെമ്പന്തൊട്ടി യൂണിറ്റ് ആവശ്യപ്പെട്ടു.
ശമ്പള സ്കെയിൽ പുനസ്ഥാപിച്ച് നിയമന അംഗീകാരം നല്കുന്നതിനുള്ള സത്വര നടപടി സ്വീകരിക്കണമെന്നും അധ്യാപക വിരുദ്ധ നിലപാട് തിരുത്തണമെന്നും ആവശ്യപ്പെട്ട് ചെമ്പന്തൊട്ടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമവും നടത്തി.
അധ്യാപകരെ ദിവസക്കൂലിക്കാരാക്കി തരംതാഴ്ത്തുന്ന പ്രവണത അത്യന്തം പ്രതിഷേധകരമാണ്. അധ്യാപകരുടെ സർവീസ് ആനുകൂല്യങ്ങൾ എല്ലാം സർക്കാരിന്റെ ഈ നിലപാട് മൂലം നഷ്ടമാകും. ഭിന്നശേഷി സംഭരണം നടപ്പാക്കി അവർക്ക് തസ്തികകൾ മാറ്റിവച്ചിട്ടും ആവശ്യത്തിന് ഭിന്നശേഷി ക്കാർ ഇല്ലാത്തതുകൊണ്ട് നിയമനം നടക്കാത്തതിന്റെ ഉത്തരവാദിത്വം സാധാരണ അധ്യാപകരുടെ മേൽ കെട്ടിവയ്ക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണം.
എയ്ഡഡ് വിദ്യാഭ്യാസമേഖലയോടുള്ള ഈ ഇരട്ടത്താപ്പ് നയം ഉപേക്ഷിച്ച് നിലവിലുള്ള ഉത്തരവ് പിൻവലിച്ച് അധ്യാപകരുടെ സ്ഥിര നിയമനങ്ങൾ അംഗീകരിക്കണമെന്നും കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ആവശ്യപ്പെട്ടു. സ്കൂൾ മാനേജർ ഫാ. ആന്റണി മഞ്ഞളാംകുന്നേൽ, മുഖ്യാധ്യാപകൻ ബിജു സി.ഏബ്രഹാം, കെ.വി. രാജേഷ്, വി.എം.തോമസ്, ജോയിസ് സക്കറിയാസ് എന്നിവർ പ്രസംഗിച്ചു.