ക്രിസ്മസ്-പുതുവത്സരം: നാമമാത്രമായ സർവീസുമായി കെഎസ്ആർടിസി
1485394
Sunday, December 8, 2024 6:47 AM IST
സ്വന്തം ലേഖകൻ
കണ്ണൂർ: ക്രിസ്മസ്-പുതുവത്സര ആഘോഷത്തിനായി ഇതര സംസ്ഥാനങ്ങളിൽനിന്ന് നാട്ടിലേക്കുള്ള കെഎസ്ആർടിസിയുടെ ഷെഡ്യൂളായി. 18 മുതൽ ജനുവരി ഒന്നുവരെയാണ് പ്രത്യേക സർവീസ്. മൂന്ന് ബസുകളാണ് കണ്ണൂർ ജില്ലയിൽനിന്ന് നിലവിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. രാത്രി 8.30, 9.45, 10.15 എന്നീ സമയങ്ങളിലാണ് ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് സർവീസ് നടത്തുക. ഇതിൽ 10.15നുള്ള ബസ് ചെറുപുഴ വഴി പയ്യന്നൂരിലേക്കാണ്. വൈകുന്നേരം 5.30, രാത്രി 8.10, 9.10 എന്നീ സമയങ്ങളിലാണ് ബംഗളൂരുവിലേക്ക് സർവീസ് ആരംഭിക്കുന്നത്. 5.30നുള്ള സർവീസ് പയ്യന്നൂരിൽനിന്നാണ് ആരംഭിക്കുന്നത്.
മുൻ വർഷങ്ങളിൽ ഇതിൽ കൂടുതൽ സർവീസുകൾ നടത്തിയിരുന്നു. മംഗളൂരുവിലേക്ക് നിലവിൽ പ്രത്യേക സർവീസ് നടത്തുന്നതിന് കെഎസ്ആർടിസി അധികൃതർ നൽകിയിട്ടില്ല. ഷെഡ്യൂൾ എത്തിയിട്ടും ആയിരക്കണക്കിന് വിദ്യാർഥികൾക്കും ജോലിക്കാർക്കും പ്രയോജനം ലഭിക്കില്ലെന്നാണ് യാത്രക്കാർ പറയുന്നത്.
ശബരിമലയ്ക്ക് പ്രത്യേക സർവീസ് നടത്തുന്നതിനാൽ ബസില്ലെന്നുള്ള കാരണം പറഞ്ഞാണ് പ്രത്യേക സർവീസുകൾ വെട്ടിച്ചുരുക്കിയിരിക്കുന്നത്. എന്നാൽ മുൻവർഷങ്ങളിലും ഇതേ സ്ഥിതി തന്നെയായിരുന്നു നിലവിലുണ്ടായിരുന്നത്. അധികൃതർ ഒഴിഞ്ഞുമാറാനായി പറയുന്ന കാരണമായി മാത്രമാണ് വിലയിരുത്തപ്പെടുന്നത്. കെഎസ്ആർടിസിയുടെ പ്രത്യേക സർവീസിന് നിരക്ക് നിലവിൽ നിശ്ചയിച്ചിട്ടില്ലെങ്കിലും 600 രൂപയാകുമെന്നാണ് ഡിപ്പോ അധികൃതർ പറയുന്നത്.
സ്വകാര്യ ബസുകളുടെ ചാകര ആരംഭിച്ചിരിക്കുകയാണ്. സാധാരണ നിരക്ക് ആയിരം മുതൽ 1200 വരെയാണ്. ഇപ്പോൾ 2000 രൂപ മുടക്കിയാൽപോലും ടിക്കറ്റില്ലാത്ത അവസ്ഥയാണ്. കരിഞ്ചന്തയിൽ 2500 രൂപയ്ക്കാണ് ഇപ്പോൾ ടിക്കറ്റ് ലഭ്യമാകുന്നത്. സ്വകാര്യ ബസ് ഏജൻസികൾ തോന്നുന്ന നിരക്കാണ് ആവശ്യക്കാരോട് പറയുന്നത്. നോൺ എസിയിൽ കെഎസ്ആർടിസി 548-568 രൂപ നിരക്കാണ് ഈടാക്കുന്നത്.
അവധി ആഘോഷിക്കാൻ നാട്ടിലേക്കുള്ള മറ്റൊരു യാത്രാമാർഗമായിരുന്നു ട്രെയിൻ. എന്നാൽ അവയെല്ലാം നവംബറിൽ തന്നെ വെയിറ്റിംഗ് ലിസ്റ്റിൽ 100 കടന്നിരുന്നു. ട്രെയിൻ ടിക്കറ്റും മംഗളൂരുവിലും ബംഗളൂരുവിലും കരിഞ്ചന്തയിൽ കിട്ടാനുണ്ടെന്ന് യാത്രക്കാർ പറയുന്നു. തെരഞ്ഞെടുപ്പിന് പ്രത്യേക ട്രെയിൻ അനുവദിച്ചതുപോലെ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് അനുവദിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.