ആയുര്‍വേദ റിസേര്‍ച്ച് സെന്ററിലെ താത്കാലിക ഷെഡിന് തീപിടിച്ചു; ആറുലക്ഷം രൂപയുടെ നഷ്ടം
1485785
Tuesday, December 10, 2024 6:02 AM IST
ഇരിട്ടി: പടിയൂര്‍ കല്യാട് അന്താരാഷ്ട്ര ആയുര്‍വേദ റിസേര്‍ച്ച് സെന്ററിനായി നിര്‍മാണം പുരോഗമിക്കുന്ന മേഖലയില്‍ തീ പിടുത്തം. സൈറ്റ് ഓഫീസ് സ്ഥിതി ചെയ്യുന്ന താത്കാലിക ഷെഡിനാണ് തീ പിടിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു സംഭവം . ഇരിട്ടിയില്‍ നിന്ന് എത്തിയ രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്സാണ് തീ അണച്ചത്.
തകിട് ഷീറ്റുകള്‍ക്കൊണ്ട് നിര്‍മിച്ച താത്കാലിക ഷെഡിനാണ് തീ പിടിച്ചത്. ഷെഡിനുള്ളിൽ ഉണ്ടയിരുന്ന ഫര്‍ണ്ണിച്ചറുകള്‍, കംപ്യൂട്ടറുകള്‍, ഫാന്‍, എസി, വിവിധ പേപ്പര്‍ രേഖകള്‍ എന്നിവയെല്ലാം കത്തി നശിച്ചു. ഏകദേശം ആറു ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തി വന്നിരുന്ന തൊഴിലാളികള്‍ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തീ പിടുത്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇരിട്ടി നിലയം അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ പി.സി. ബൈജു, എന്‍.ജി. അശോകന്, സി.എച്ച്. നൗഷാദ്, സൂരജ് സിവി, ജെസ്റ്റിന് ജെയിംസ്, പ്രസന്നകുമാര്‍, ബെന്നി കെ. സേവ്യര്‍, ശ്രീജിത്ത് തുടങ്ങിയവരടങ്ങുന്ന ഫയര്‍ഫോഴ്സ് സംഘമാണ് തീ അണയ്ക്കാന്‍ നേതൃത്വം വഹിച്ചത്.