ചപ്പാരപ്പടവിലെ മദ്രസകൾ ഹരിത മദ്രസകളാവുന്നു
1486280
Wednesday, December 11, 2024 8:20 AM IST
ചപ്പാരപ്പടവ്: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ചപ്പാരപ്പടവ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചപ്പാരപ്പടവ്, കരുവഞ്ചാൽ റേഞ്ചുകളിലെ ഉസ്താദുമാരുടെയും മാനേജ്മെന്റ് പ്രതിനിധികളുടെയും സംഗമം പഞ്ചായത്ത് ഹാളിൽ ചേർന്നു.
മദ്രസകൾ ഹരിത വിദ്യാലയമായി മാറേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ സൂചിപ്പിച്ചു. സംഗമം ഹരിത കേരളം മിഷൻ ജില്ലാ കോ-ഓഡിനേറ്റർ ഇ.കെ. സോമശേഖരൻ ഉദ്ഘാടനം ചെയ്തു. ഹരിതകേരളം മിഷൻ ആർപി വി. സഹദേവൻ, ശുചിത്വ മിഷൻ ആർപി എം. സുജന എന്നിവർ കർമപദ്ധതി അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം ഉനൈസ് എരുവാട്ടി, അജ്മൽ, പഞ്ചായത്ത് സെക്രട്ടറി സി.കെ. ശ്രീകുമാർ, ഉസ്താദ് അഷ്റഫ് ഫൈസി, ജുനൈദ് ബാഖവി, സി.എം. മൗലവി, ഒ.പി. ഇബ്രാഹിം കുട്ടി, കെ.സി. മുഹമ്മദ് കുഞ്ഞി എന്നിവർ പ്രസംഗിച്ചു. ജനുവരി 26ന് ഹരിത മദ്രസകളുടെ പ്രഖ്യാപനം നടത്താൻ പറ്റുന്ന വിധത്തിൽ കർമപദ്ധതി ഏറ്റെടുത്ത് നടപ്പിൽ വരുത്താൻ യോഗത്തിൽ തീരുമാനിച്ചു.