ജീവനക്കാരുടെ കുറവ് പഞ്ചായത്തിന്റെ ദൈനംദിന പ്രവർത്തനത്തെ ബാധിക്കുന്നു
1486278
Wednesday, December 11, 2024 8:20 AM IST
ആലക്കോട്: സ്പെഷൽ ഗ്രേഡ് പഞ്ചായത്തിൽ ജീവനക്കാരുടെ കുറവ് ദൈനംദിന പ്രവർത്തനത്തെ ബാധിക്കുന്നു. കുറെ നാളുകളായി പ്രധാനപ്പെട്ട പല തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്. ജൂണിയർ ക്ലർക്ക്, സീനിയർ ക്ലർക്ക്, ഓഫീസ് അസിസ്റ്റന്റ്, ഓവർസിയർ, ഫുൾടൈം ജീവനക്കാർ എന്നിങ്ങനെയാണ് ഒഴിവുള്ളത്. മറ്റു ജില്ലകളിൽ നിന്ന് ജോലിക്കായി വരുന്ന ജീവനക്കാർ സ്ഥലംമാറ്റം വാങ്ങി പോകുന്നതും പല തസ്തികളും ഒഴിഞ്ഞ് കിടക്കുന്നതിനും കാരണമാകുന്നുണ്ട്.
ആലക്കോട്-തേർത്തല്ലി പ്രദേശങ്ങളിലായി 70 .77 ചതുര കിലോമീറ്റർ വിസ്തീർണത്തിൽ 21 വാർഡുകളാണ് ആലക്കോട് പഞ്ചായത്തിൽ ഉള്ളത്. അതിനാൽ തന്നെ നിരവധി ആളുകളാണ് ദിവസവും വിവിധ ആവശ്യങ്ങൾക്ക് പഞ്ചായത്തിനെ ആശ്രയിക്കുന്നത്. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്ത് ആലക്കോട് പഞ്ചായത്ത് വിഭജിച്ച് തേർത്തല്ലി ആസ്ഥാനമായി പുതിയ പഞ്ചായത്ത് രൂപീകരിക്കാൻ നീക്കം നടന്നെങ്കിലും അത് പിന്നിട് നടക്കാതെ പോയി. ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്രയമാകേണ്ട പഞ്ചായത്തിൽ ജീവക്കാരെ നിയമിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.