കണ്ണൂർ താലൂക്ക് അദാലത്തിൽ 208 പരാതികൾ പരിഗണിച്ചു
1485783
Tuesday, December 10, 2024 6:02 AM IST
കണ്ണൂർ: ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരവുമായി എന്നും ജനങ്ങൾക്കൊപ്പമാണ് സംസ്ഥാന സർക്കാറെന്ന് മന്ത്രി ഒ.ആർ. കേളു. താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ കണ്ണൂർ താലൂക്ക് അദാലത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് കൂട്ടായ പ്രവർത്തനമാണ് സർക്കാർ നടപ്പാക്കുന്നത്. പരിഗണിക്കാവുന്ന വിഷയങ്ങളെല്ലാം അദാലത്തിൽ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.‘കരുതലും കൈത്താങ്ങും' കണ്ണൂർ താലൂക്ക് അദാലത്തിൽ ആകെ 208 പരാതികൾ പരിഗണിച്ച് നടപടികൾ സ്വീകരിച്ചു. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, ഒ.ആർ. കേളു എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ നടന്ന അദാലത്തിൽ ആറ് വരെ ഓൺലൈനായും താലൂക്ക് ഓഫീസിൽ നേരിട്ടും സ്വീകരിച്ച പരാതികളാണ് പരിഗണിച്ചത്. അദാലത്തിൽ പരിഗണിക്കാനാവാത്ത വിഷയങ്ങളായതിനാൽ 30 എണ്ണം നിരസിച്ചു.
63 എണ്ണത്തിൽ നടപടികൾ സ്വീകരിച്ചു വരുന്നു. ആറ് വരെ ആകെ ലഭിച്ച പരാതികൾ 301. അദാലത്ത് ദിവസം 163 പരാതികൾ ലഭിച്ചു. ആകെ പരാതികൾ സ്വീകരിച്ചത് 464. രാവിലെ 10ന് തുടങ്ങിയ അദാലത്ത് രാത്രി ഏഴിനാണ് സമാപിച്ചത്. പുതിയ പരാതികളിൽ മേൽ ഉടൻ തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
22 റേഷൻ കാർഡുകൾ വേദിയിൽ അനുവദിച്ചു. വഴിതർക്കം, കെട്ടിടത്തിന് നമ്പർ ഇടൽ എന്നീ വിഷയങ്ങളിൽ ത്വരിത ഗതിയിൽ നടപടി സ്വീകരിക്കാനായെന്നും മന്ത്രി പറഞ്ഞു. ഭൂമി സംബന്ധമായ വിഷയങ്ങൾ ഉൾപ്പെടെ സർക്കാർ നിർദ്ദേശിച്ച പരാതികളിൽ മേൽ മന്ത്രിമാർ നേരിട്ട് ഇടപെട്ടു. ശാരീരിക/ ബുദ്ധി/ മാനസിക വെല്ലുവിളി നേരിടുന്നവർക്ക് അദാലത്തിൽ പ്രത്യേക പരിഗണന നൽകി.
കെ.വി. സുമേഷ് എംഎൽഎ, ജില്ലാ കളക്ടറുടെ ചുമതലയുള്ള എഡിഎം സി. പത്മചന്ദ്ര കുറുപ്പ്, അസിസ്റ്റന്റ് കളക്ടർ ഗ്രന്ധേ സായി കൃഷ്ണ, വനം വകുപ്പ് നോർത്തേൺ സർക്കിൾ ചീഫ് കൺസർവേറ്റർ കെ.എസ് ദീപ, കണ്ണൂർ ഡിഎഫ്ഒ എസ് വൈശാഖ്, ഡെപ്യൂട്ടി കളക്ടർമാർ, തദ്ദേശ ജോയിൻറ് ഡയറക്ടർ ടി.ജെ. അരുൺ, കണ്ണൂർ തഹസിൽദാർ സുരേഷ് ചന്ദ്രബോസ് തുടങ്ങിയവർ സംബന്ധിച്ചു.
തലശേരി താലൂക്ക് അദാലത്ത് ഇന്നു രാവിലെ 10 മുതൽ തലശേരി കോടിയേരി ബാലകൃഷ്ണൻ സ്മാരക മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. തളിപ്പറമ്പ് താലൂക്ക് അദാലത്ത് 12ന് രാവിലെ 10 മുതൽ തളിപ്പറമ്പ് മിനി സിവിൽ സ്റ്റേഷൻ വളപ്പിലും പയ്യന്നൂർ താലൂക്ക് അദാലത്ത് 13ന് രാവിലെ 10 മുതൽ പയ്യന്നൂർ ശ്രീവത്സം ഓഡിറ്റോറിയത്തിലും നടക്കും. 16ന് രാവിലെ 10 മുതൽ ഇരിട്ടി തന്തോട് സെന്റ് ജോസഫ്സ് ചർച്ച് ഹാളിലാണ് ഇരിട്ടി താലൂക്ക് അദാലത്ത്. തലശേരി-204, തളിപ്പറമ്പ്-193, പയ്യന്നൂർ-162, ഇരിട്ടി-161 എന്നിങ്ങനെയാണ് താലൂക്കുകളിൽ ലഭിച്ച പരാതികളുടെ എണ്ണം.
മാധവിക്ക് ആശ്വാസം;
വായ്പാ കുടിശിക
തീർപ്പാക്കാൻ നടപടിക്ക്
നിർദേശം
പശുവിനെ വാങ്ങാൻ വായ്പയെടുത്ത് പിന്നീട് പശു ചത്തതിനാൽ കുടിശികയായ ഇരിവേരിയിലെ പാറേചാലിൽ മാധവിയുടെ വായ്പ മാനുഷിക പരിഗണന നല്കി കുടിശിക തീർപ്പാക്കൽ പദ്ധതിയിൽ ഉൾപ്പെടുത്തി തീർപ്പാക്കാനുള്ള നടപടിക്ക് സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർക്ക് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കണ്ണൂർ താലൂക്ക് അദാലത്തിൽ നിർദേശം നൽകി.
ഭൂമിയിൽ
സർവകലാശാലയുടെ
അവകാശവാദമെന്ന്
പരാതി: രജിസ്ട്രാർ
റിപ്പോർട്ട് നല്കാൻ
മന്ത്രിയുടെ നിർദേശം
സ്വന്തം വീടു നിൽക്കുന്ന ഭൂമിയിൽ 8.7 സെന്റ് സ്ഥലത്ത് കണ്ണൂർ സർവകലാശാല അവകാശവാദം ഉന്നയിച്ചതു കാരണം താമസിക്കുന്ന വീട് പൊളിച്ചുമാറ്റപ്പെടുമെന്ന ഭീതി ജനകമായ അവസ്ഥയിലാണെന്ന തായത്തെരു നസീമ ചാലിൽ കണ്ടത്തിലിന്റെ പരാതിയിൽ സർവകലാശാല രജിസ്ട്രാർ റിപ്പോർട്ട് നല്കാൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അദാലത്തിൽ നിർദേശം നൽകി.
കണ്ണൂർ സർവകലാശാലയ്ക്ക് ആസ്ഥാനം പണിയുന്നതിനുവേണ്ടി തന്റെ പരേതയായ മാതാവ് ചാലിൽ മറിയുമ്മ നാല് ഏക്കർ 50 സെന്റ് സ്ഥലം വിട്ടുകൊടുത്തിരുന്നുവെന്ന് പരാതിയിൽ പറഞ്ഞു.