റോഡ് കാടായി ! അപകടഭീഷണി
1486287
Wednesday, December 11, 2024 8:20 AM IST
പൂപ്പറമ്പ്: മലയോര ഹൈവേയുടെ വശങ്ങളിൽ കാടുകയറിയത് അപകടഭീഷണി ഉയർത്തുന്നു. പയ്യാവൂർ ചെമ്പേരി റോഡിലും ശ്രീകണ്ഠപുരം റോഡിലും സ്ഥിതി വ്യത്യസ്തമല്ല. ടാറിംഗ് കഴിഞ്ഞ ഭാഗം മുതൽ പുല്ലു നിറഞ്ഞതോടെ കാൽനടയാത്രികർ റോഡിൽ ഇറങ്ങി നടക്കേണ്ട സ്ഥിതിയാണ്.
കുന്നത്തൂർ കാഞ്ഞിരക്കൊല്ലി റോഡിലും ചന്ദനക്കാംപാറ റോഡിലും കാട് കയറിയിരിക്കയാണ്. ചെമ്പേരി റോഡിൽ പൂപ്പറമ്പ് ഇരുവശത്തും കാടാണ്. വെമ്പുവ ചർച്ച് ഗേറ്റിലെ ബസ് ഷെൽട്ടറിനേയും കാട് വിഴുങ്ങി കഴിഞ്ഞു.
ഫുട്പാത്തും റോഡുവശങ്ങളും കാടുകയറിയിട്ടും മലയോര ഹൈവേയിൽ അഥോറിറ്റി ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കുന്നില്ല. പലയിടത്തും ഇഴജന്തുക്കളുടെ സാന്നിധ്യം ഉണ്ടെന്നും പരാതികളുണ്ട്. മുന്പ് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി റോഡ് വശത്തെ കാടു വെട്ടിത്തെളിച്ചിരുന്നു. നിലവിൽ റോഡ് വശത്തെ കാടുകൾ മാറ്റാൻ തൊഴിലുറപ്പ് പദ്ധതിയിൽ അനുമതി ഇല്ലാത്തതാണ് ദുരവസ്ഥയ്ക്കു കാരണം. റോഡിന് ഇരുവശത്തേയും കാട് വെട്ടിതെളിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.