വേദനകളേ, തോല്ക്കാന് അമലിന് മനസില്ല
1485653
Monday, December 9, 2024 7:11 AM IST
ഉറുമീസ് കുത്തോട്ടുങ്കല്‍
തൃക്കരിപ്പൂര്‍: എല്ലാദിവസവും പത്തു മണിക്കൂര്‍ ഡയാലിസിസിന് വിധേയനാകേണ്ടിവരുന്ന ഒരു 18കാരന്റെ ജീവിതത്തോടുള്ള സമീപനം എന്തായിരിക്കും ? തനിക്കു കിട്ടിയ ജീവിതം ഒരു ശാപമായി കണ്ട് വിധിയെ പഴിച്ച് എങ്ങനെയെങ്കിലും തള്ളിനീക്കുമെന്നാണ് ഉത്തരമെങ്കില്‍ തൃക്കരിപ്പൂര്‍ വടക്കേകൊവ്വലിലെ അമല്‍ സുഹാന്റെ കാര്യത്തില്‍ നിങ്ങള്‍ക്കു തെറ്റി.
രോഗം അമലിനെ വീട്ടിലെ നാലുചുവരുകള്‍ക്കുള്ളില്‍ തളച്ചിട്ടപ്പോള്‍ ഇന്റര്‍നെറ്റ് തുറന്നിട്ട വിശാലമായ സാധ്യതകള്‍ പ്രയോജനപ്പെടുത്തി സ്വന്തം കഴിവുകള്‍ തേച്ചുമിനുക്കിയെടുക്കാന്‍ കൊച്ചുമിടുക്കന് സാധിച്ചു. പ്രവാസിയായ എം. സുലൈമാന്റെയും എ.റസിയാബിയുടെയും രണ്ടാമത്തെ മകനായ അമല്‍ അതിജീവനത്തിന്റെ പുതിയ പാഠമാണ് പകര്ന്നുനല്കുന്നത്.
പാചകത്തിലായിരുന്നു അമല്‍ ആദ്യമായി കൈവച്ചത്. കേക്ക് ആണ് ആദ്യമായി ഉണ്ടാക്കിയത്. ഉമ്മയുടെ പ്രോത്സാഹനവും കൂടിയായപ്പോള്‍ വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ തയാറാക്കാന്‍ അമല്‍ പഠിച്ചു.
ചോക്ലേറ്റ് ബ്രൗണി, ചിക്കന്‍ 65, ഫിഷ് ബിരിയാണി, ഗ്രീന്‍ ചിക്കന്‍, ബട്ടര്‍ ചിക്കന്‍, സ്പോഞ്ച് കേക്ക്, ഡോണറ്റ്, ചീസ് ഓംലറ്റ്, ഒറിയോ മില്‍ക്ക് ഷെയ്ക്ക്, കോളി ഫ്ളവര്‍ ഡ്രൈ ഫൈ, ചിക്കന്‍ ഷവര്‍മ എന്നിവയെല്ലാം അമല്‍ തയാറാക്കും.
താന്‍ തയാറാക്കുന്ന വിഭവങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സോസിഹബ് എന്ന പേരില്‍ യൂട്യൂബ് ചാനലും ആരംഭിച്ചു. ട്രൈപോഡില്‍ മൊബൈല്‍ഫോണ്‍ വച്ച് വീഡിയോ ഷൂട്ട് ചെയ്യുന്നതും എഡിറ്റ് ചെയ്യുന്നതും അപ്ലോഡ് ചെയ്യുന്നതുമെല്ലാം അമല്‍ തന്നെയാണ്. ഫോണില്‍ എഡിറ്റിംഗ് ബുദ്ധിമുട്ടായപ്പോഴാണ് ഒരു കംപ്യൂട്ടര്‍ വേണമെന്ന ആഗ്രഹമുദിച്ചത്. കംപ്യൂട്ടര്‍ വാങ്ങാനല്ല, സ്വന്തമായി ഒന്നുണ്ടാക്കാനായിരുന്നു അമലിന് താത്പര്യം.
മദര്‍ ബോര്‍ഡ്, റാം, പ്രൊസസര്‍, സോളിഡ് സ്റ്റേറ്റ് ഡ്രൈവ്, കാബിനറ്റ്, പവര്‍ സപ്ലൈ എന്നിവ ഓണ്‍ലൈനില്‍ വരുത്തി. വീട്ടിലുണ്ടായിരുന്ന എല്‍സിഡി ടിവി സ്ക്രീനുമാക്കി സ്വന്തമായി ഒരു 16 ജിബി സ്റ്റോറേജ് കംപ്യൂട്ടര്‍ നിര്‍മിച്ചു. ജാപ്പനീസ്, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ ഭാഷകളും അമല്‍ സ്വന്തമായി പഠിക്കുന്നുണ്ട്.
ജന്മനാ ബ്ലാഡര്‍ തകരാറുണ്ടായിരുന്ന അമല്‍ വൃക്കരോഗരോഗത്തിന് 15 വര്‍ഷമായി ചികിത്സയിലാണ്. ആറു വര്‍ഷത്തോളമായി ദിവസവും വീട്ടില്‍ തന്നെ പെരിട്ടോണിയല്‍ ഡയാലിസിസ് ചെയ്യുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശത്തില്‍ ഉമ്മ റസിയാബിയാണ് രാത്രി ഉറക്കമൊഴിച്ച് അഞ്ചുമണിക്കൂര്‍ വീതം രണ്ടു ഘട്ടമായി ഡയാലിസിസ് ചെയ്തു വരുന്നത്.
തൃക്കരിപ്പൂര്‍ ജിവിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥിയായ അമലിന് ആരോഗ്യസ്ഥിതി കാരണം എല്ലാ ദിവസവും സ്കൂളില്‍ പോകാനും കഴിയില്ല. അമലിന്റെ കഴിവുകള്‍ നേരില്‍ കണ്ടറിയാനായി ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി അധ്യാപകരും സഹപാഠികളും വീട്ടിലെത്തിയിരുന്നു. ബിബിഎ പൂര്‍ത്തിയാക്കിയ അമാന്‍ റസ്വി, ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ഷിഫ ഫാത്തിമ എന്നിവര്‍ സഹോദരങ്ങള്‍.