ദിവ്യകാരുണ്യ കോൺഗ്രസിന് തോമാപുരം ഒരുങ്ങി
1485796
Tuesday, December 10, 2024 6:02 AM IST
ചിറ്റാരിക്കാൽ: ദിവ്യകാരുണ്യ വർഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് തലശേരി അതിരൂപതയുടെ ചരിത്രത്തിലാദ്യമായി സംഘടിപ്പിക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിന് തോമാപുരം ദിവ്യകാരുണ്യ നഗറിൽ നാളെ തുടക്കമാകും. വൈകുന്നേരം 4.30നു ജപമാലയും അഞ്ചിന് ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞരളക്കാട്ടിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും നടക്കും.
തുടർന്ന് മൂന്നു ദിവസങ്ങളിലായി പ്രശസ്ത ധ്യാനഗുരുവും വചനപ്രഘോഷകനുമായ ഫാ.ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ദിവ്യകാരുണ്യ കൺവൻഷൻ. 12, 13 തീയതികളിൽ രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ നടക്കുന്ന യുവജന സിമ്പോസിയം ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും.
12നു വൈകുന്നേരം അഞ്ചിന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിലും 13നു മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലവും കാർമികത്വം വഹിക്കും. 14നു രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ അതിരൂപതയിലെ ഡെലിഗേറ്റുകൾ പങ്കെടുക്കുന്ന വോക്സ് ദേയി ദിവ്യകാരുണ്യ പഠനശിബിരം. മംഗലപ്പുഴ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയിലെ പ്രഫസർ റവ.ഡോ. ജിജോ നെല്ലിയ്ക്കാകണ്ടത്തിൽ, തൃശൂർ മേരിമാതാ മേജർ സെമിനാരി വൈസ് റെക്ടർ റവ.ഡോ. ഫ്രീജോ പാറയ്ക്കൽ എന്നിവർ ക്ലാസുകൾ നയിക്കും.
വൈകുന്നേരം നാലിന് ജപമാല. 4.30ന് ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, ആർച്ച്ബിഷപ് എമരിറ്റസുമാരായ മാർ ജോർജ് വലിയമറ്റം, മാർ ജോർജ് ഞരളക്കാട്ട് എന്നിവരുടെ മുഖ്യകാർമികത്വത്തിൽ സമൂഹബലി. അതിരൂപതയിലെ എല്ലാ വൈദികരും സന്യാസ വൈദികരും സഹകാർമികരാകും. ആറിന് ദിവ്യകാരുണ്യ എക്സിബിഷൻ ലൈവ് ഷോ. 6.30 ന് ബിഷപ്പുമാരും വൈദികരും തിരുവസ്ത്രങ്ങളണിഞ്ഞ് സംവഹിക്കുന്ന ദിവ്യകാരുണ്യ പേടകത്തിൽ ചിറ്റാരിക്കാൽ ടൗണിൽ ദിവ്യകാരുണ്യ പ്രദക്ഷിണം. മുത്തുക്കുടകളേന്തിയ 1500 അമ്മമാരും പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച 1200 കുട്ടികളും കൈമണികളേന്തിയ 40 അൾത്താര ബാലന്മാരും ദൈവശാസ്ത്ര വൈദിക വിദ്യാർഥികളും അകമ്പടി സേവിക്കും. 8.30 ന് സമാപനാശീർവാദം.
കൺവൻഷൻ ദിവസങ്ങളിൽ കുമ്പസാരത്തിനും മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് കൗൺസലിംഗിനും കൈവയ്പ്, രോഗശാന്തി ശുശ്രൂഷകൾക്കും അവസരമുണ്ടാകും.
ഫോൺ: 974497 8186, 869073 5344. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് കൺവൻഷനിൽ താമസിച്ച് പങ്കെടുക്കുന്നതിനും സൗകര്യമുണ്ടാകും. ഫോൺ: 6282089379, 9495296117.
കേൾവി പരിമിതർക്ക് പ്രത്യേക സൗകര്യം
ചിറ്റാരിക്കാൽ: തലശേരി അതിരൂപത13,14 തീയതികളിലായി ഒരുക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കുചേരാൻ കേൾവി പരിമിതർക്ക് അവസരമൊരുക്കുന്നു. അതിരൂപത ഭിന്നശേഷി വിഭാഗമായ ആദം മിനിസ്ട്രി ദിവ്യകാരുണ്യ കോൺഗ്രസ് ദിവസങ്ങളിൽ പ്രത്യേകം തയാറാക്കുന്ന വേദിയിൽ ആംഗ്യഭാഷയിൽ പരിഭാഷ നൽകും. ദൂരദിക്കുകളിൽനിന്നു വരുന്നവർക്ക് താമസസൗകര്യം ഉണ്ടായിരിക്കും . താത്പര്യമുള്ളവർ ആദം മിനിസ്ട്രി ഡയറക്ടർ ഫാ. പ്രിയേഷ് കളരിമുറിയിലുമായി ബന്ധപ്പെടണം. ഫോൺ:7506604885.
വാഹന പാർക്കിംഗ് ക്രമീകരണം
ചിറ്റാരിക്കാൽ: ദിവ്യകാരുണ്യ കോൺഗ്രസുമായി ബന്ധപ്പെട്ട് വാഹന പാർക്കിംഗ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. മണ്ഡപം, കുന്നുംകൈ, ചോയ്യംകോട്, നീലേശ്വരം ഭാഗങ്ങളിൽ നിന്ന് വരുന്ന ചെറുവാഹനങ്ങൾ പഴയ സിനിമ തിയേറ്ററിനു സമീപം കാർണിവൽ നടന്ന സ്ഥലത്തും സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ രണ്ടു മൈതാനങ്ങളിലും സമീപത്തുള്ള പാർക്കിംഗ് സ്ഥലങ്ങളിലും ബസുകൾ കാറ്റാംകവല റോഡിന്റെ ഒരു വശത്തും നിർത്തിയിടാം. ഭീമനടി, നർക്കിലക്കാട്, വെള്ളരിക്കുണ്ട്, ബളാൽ, രാജപുരം, പരപ്പ ഭാഗങ്ങളിൽനിന്ന് വരുന്ന ചെറുവാഹനങ്ങൾ തോമാപുരം പള്ളിയുടെ പിറകുവശത്തും പള്ളിമുറ്റത്തും ബസുകൾ പള്ളിയുടെ മുൻവശം വ്യാപാരഭവനു സമീപമുള്ള തെങ്ങിൻതോട്ടത്തിലും പാർക്ക് ചെയ്യാം.
ചെറുപുഴ, കടുമേനി, പാലാവയൽ, പുളിങ്ങോം, പാടിച്ചാൽ, തേർത്തല്ലി, ആലക്കോട്, കമ്പല്ലൂർ ഭാഗങ്ങളിൽനിന്ന് വരുന്ന ചെറുവാഹനങ്ങൾ കാര ജംഗ്ഷനിൽ പെട്രോൾ പമ്പിനു സമീപമുള്ള സ്ഥലങ്ങളിലും ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ മൈതാനത്തും പാർക്ക് ചെയ്യാം. ബസുകൾ പെട്രോൾ പമ്പിലും സമീപത്തും നിർത്തിയിടാം. ചട്ടമല ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനു സമീപം റോഡരികിലും കട്ടക്കൽ തോമസിന്റെ വീട്ടുമുറ്റത്തും പാർക്ക് ചെയ്യാം.
മാലോം, കൊന്നക്കാട്, കാവുംതല, തയ്യേനി, അതിരുമാവ് ഭാഗങ്ങളിൽനിന്ന് വരുന്ന ചെറുവാഹനങ്ങൾ കാറ്റാംകവല റോഡിൽ മൈപ്ലാക്കൽ ഷിബുവിന്റെ സ്ഥലത്തും കാറ്റാംകവല റോഡിന്റെ വശങ്ങളിലും പാർക്ക് ചെയ്യണം. ബസുകൾ മുതലായ വലിയ വാഹനങ്ങൾ കാറ്റാംകവല റോഡിന്റെ ഒരു വശത്ത് പാർക്ക് ചെയ്യാം. വൈദികരുടെയും സിസ്റ്റർമാരുടെയും തീരെ നടക്കാൻ പറ്റാത്തവരുടെയും വാഹനങ്ങൾ പഴയ എൽപി സ്കൂൾ മൈതാനത്ത് പാർക്ക് ചെയ്യാം. രോഗികളുമായി വരുന്ന വാഹനങ്ങൾ, ആംബുലൻസുകൾ എന്നിവ ഹയർ സെക്കൻഡറി സ്കൂളിന്റെ മുൻവശത്തുള്ള മൈതാനത്ത് പാർക്ക് ചെയ്യാം.