ആടു മേയ്ക്കുന്നതിനിടെ കിണറ്റിൽ വീണയാളെ രക്ഷപ്പെടുത്തിയത് പിറ്റേന്ന്
1485388
Sunday, December 8, 2024 6:47 AM IST
ഇരിട്ടി: ആടുമേയ്ക്കുന്നതിനിടെ കിണറ്റിൽ വീണയാളെ രക്ഷപ്പെടുത്തിയത് പിറ്റേന്ന്. ഇരിട്ടിക്ക് അടുത്ത ചാക്കോട് എന്ന സ്ഥലത്ത് വെളിക്കോത്ത് മുഹമ്മദ് (60 ) എന്നയാളാണ് വെള്ളിയാഴ്ച ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ വീണത്. മേയുന്നതിനിടെ ആട് അബദ്ധത്തിൽ ആൾമറയില്ലാത്ത കിണറ്റിൽ വീഴാൻ പോകുന്നത് കണ്ട് ഇതിനെ രക്ഷിക്കുന്നതിനിടെ മുഹമ്മദ് 20 കോൽ താഴ്ചയുള്ള കിണറ്റിൽ വീഴുകയായിരുന്നു.
മോട്ടോറിന്റെ പൈപ്പിൽ പിടിച്ചു നിന്ന് മുഹമ്മദ് രാത്രി കഴിച്ചു കൂട്ടുകയായിരുന്നു. ആടിനെ മേയ്ക്കാൻ പോയാൽ പലപ്പോഴും മുഹമ്മദ് രാത്രി വളരെ വൈകിയൊക്കെയേ തിരിച്ചെത്താറുള്ളൂ എന്നതിനാൽ ആരും തിരക്കിയുമില്ല. ഇന്നലെ രാവിലെ റബർ ടാപ്പിംഗിനെത്തിയ തൊഴിലാളികൾ കിണറ്റിൽ നിന്ന് ശബ്ദം കേട്ടതിനെ തുടർന്ന് നോക്കിയപ്പോഴാണ് മുഹമ്മദിനെ കണ്ടെത്തുന്നത്. വിവരമറിയിച്ചതിനെ തുടർന്ന് ഇരിട്ടിയിൽ നിന്നുള്ള അഗ്നിരക്ഷാ സേനയെത്തി രക്ഷിക്കുകായിരുന്നു. വീഴ്ചയിൽ മുഹമ്മദിന് പരിക്കൊന്നുമില്ല.
സ്റ്റേഷൻ ഓഫീസർ ഉണ്ണികൃഷ്ണൻ എഎസ്ടിഒ ബെന്നി ദേവസ്യ, ഫയർ ഓഫിസർമാരായ ശാലോ സത്യൻ, എച്ച്.കെ. ധനീഷ്, അനീഷ് പലവിള, ആഷിക്ക്, ഹോം ഗാർഡുമാരായ ധനേഷ്, രമേശൻ, ബിനോയി, രാധാകൃഷ്ണൻ, ഡ്രൈവർ മത്തായി എന്നിവരടങ്ങിയ സംഘമാണ് മുഹമ്മദിനെ രക്ഷിച്ചത്.